ആന്റണിക്കും ഉമ്മൻചാണ്ടിക്കും പകരം ആര്?; കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് കരുനീക്കങ്ങൾ സജീവം


 
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകസമിതിയിലേക്ക് കേരളത്തിൽ നിന്നും ശക്തമായ പോരാട്ടം. പ്രവർത്തകസമിതിയിൽ ഇടംപിടിക്കാൻ കേരള നേതാക്കൾ ശക്തമായ കരുനീക്കങ്ങളാണ് നടത്തുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രവർത്തകസമിതിയിൽ സ്ഥാനം ഉറപ്പിച്ച നിലയിലാണ്. എകെ ആന്റണിയും ഉമ്മൻചാണ്ടിയും പ്രവർത്തക സമിതി അംഗത്വം ഒഴിയും. 

ഇവരുടെ ഒഴിവിലേക്ക് രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരാണ് രംഗത്തുള്ളത്. അനാരോഗ്യം കാരണമാണ് ആന്റണിയെയും ഉമ്മൻചാണ്ടിയേയും ഒഴിവാക്കുന്നത്. ഇവരെ പ്രവർത്തകസമിതിയിൽ പ്രവർത്തകസമിതിയിൽ പ്രത്യേകം ക്ഷണിതാക്കളാക്കണമെന്ന നിർദേശം നേതൃത്വത്തിന് മുന്നിലുണ്ട്. ഇക്കാര്യത്തിൽ സോണിയയും രാഹുലുമായി ചർച്ച നടത്തിയശേഷം പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തീരുമാനമെടുക്കും. 


യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പദത്തിൽ നിന്നും ഉമ്മൻ ചാണ്ടി ഒഴിയും. കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളുടെ പേരുകൾ സംബന്ധിച്ച് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഏകദേശ ധാരണയുണ്ടാക്കിയതായി പാർട്ടി നേതാക്കൾ സൂചിപ്പിച്ചു. വിദേശത്തുള്ള രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മടങ്ങിയെത്തിയ ശേഷം അവരുടെ കൂടി അഭിപ്രായങ്ങൾ കണക്കിലെടുത്തായിരിക്കും പ്രഖ്യാപനം. 

രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവരിൽ ആരെ ഉൾപ്പെടുത്തണ മെന്ന കാര്യത്തിൽ ഖാർഗെയ്ക്ക് ആശയക്കുഴപ്പമുണ്ട്. ഇരുവരും പ്രധാന നേതാക്കളാണെങ്കിലും ഒരേ സമുദായത്തിൽ നിന്നുള്ളവരാണ്. കെസി വേണുഗോപാൽ കൂടി വരുന്നതോടെ ഒരു സമുദായത്തിന് മാത്രം പ്രാതിനിധ്യം എന്ന അവസ്ഥ സംജാതമാകും. ഇത് കൊടിക്കുന്നിൽ സുരേഷിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. പ്രവർത്തകസമിതി രൂപീകരിക്കാത്തതിനാൽ സ്റ്റിയറിങ് കമ്മിറ്റിയാണ് ഇപ്പോൾ ചുമതലകൾ നിർവഹിക്കുന്നത്. 


أحدث أقدم