മുംബൈ : അടുക്കള ബജറ്റിനെ തകിടംമറിച്ച് തക്കാളി വില കുതിച്ചുയരുന്നതിനിടെ, മഹാരാഷ്ട്രയിലെ പുനെയിലുള്ള കര്‍ഷകന് തക്കാളി കോടികളുടെ 'ലോട്ടറിയായി'. കൃഷിയിടത്തില്‍ വിളഞ്ഞ തക്കാളി വിറ്റ് ഒരു മാസത്തിനകം മൂന്ന് കോടി രൂപയാണ് കര്‍ഷകന്‍ സമ്പാദിച്ചത്. നിരവധി പ്രതിബന്ധങ്ങള്‍ താണ്ടിയാണ് ലാഭം ഉണ്ടാക്കിയതെന്ന് കര്‍ഷകനായ ഈശ്വര്‍ ഗെയ്ക്കര്‍ പറയുന്നു. ജുന്നാര്‍ താലൂക്കിലെ പച്ഘര്‍ ഗ്രാമവാസിയാണ് ഗെയ്ക്കര്‍.
മെയ് മാസത്തില്‍ വിലയിടിഞ്ഞതിനെ തുടര്‍ന്ന് വലിയ അളവില്‍ തക്കാളി ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ വലിയ നഷ്ടമാണ് ഗെയ്ക്കര്‍ നേരിട്ടത്. എന്നാല്‍ വരാനിരിക്കുന്ന ഭാഗ്യം മുന്‍കൂട്ടി കണ്ടു എന്ന് തോന്നിപ്പിക്കുന്ന വിധം വീണ്ടും കൃഷിയിറക്കാന്‍ തന്നെയായിരുന്നു ഗെയ്ക്കറിന്റെ തീരുമാനം. 12 ഏക്കര്‍ ഭൂമിയില്‍ ഗെയ്ക്കര്‍ നടത്തിയ അധ്വാനത്തിന്റെ ഫലമായാണ് അദ്ദേഹത്തിന്റെ നേട്ടം.
ജൂണ്‍ 11നും ജൂലൈ 18നും ഇടയില്‍ തക്കാളി വിറ്റ വകയിലാണ് ഗെയ്ക്കറിന് കോടികള്‍ ലഭിച്ചത്. ഇക്കാലയളവില്‍ 3,60,000 കിലോ തക്കാളിയാണ് വിറ്റത്. നിലവില്‍ 80,000 കിലോ തക്കാളി കൂടി വില്‍ക്കാനുണ്ട്. ഇതുവഴി 50 ലക്ഷം കൂടി പ്രതീക്ഷിക്കുന്നതായും ഗെയ്ക്കര്‍ പറഞ്ഞു.
മൊത്തം 40 ലക്ഷം രൂപയാണ് തനിക്ക് ചെലവ് വന്നത്. മൊത്തം തന്റെ പേരില്‍ 18 ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ 12 ഏക്കറിലാ ണ് തക്കാളി കൃഷി നടത്തിയതെന്നും അദ്ദേഹം പറയുന്നു.
ജൂണ്‍ 11ന് കിലോഗ്രാമിന് 38 രൂപ നിരക്കിലാണ് തക്കാളി വിറ്റത്. ജൂലൈ 18ന് ഇത് 110 ആയി ഉയര്‍ന്നു. ഇതാണ് ലാഭം ഗണ്യമായി വര്‍ധിക്കാന്‍ കാരണമെന്നും ഗെയ്ക്കര്‍ പറയുന്നു.