പുതുപ്പള്ളി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടന്നുതീര്‍ത്ത വഴികളിലൂടെ അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ഇന്നു നാട്. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിന്റെ 40ാം ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനകള്‍ ശനിയാഴ്ച നടന്നു. രാവിലെ 6.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലായിരുന്നു പ്രാര്‍ഥന.
തുടര്‍ന്നു കുര്‍ബാനയ്ക്കു ഡോ. യാക്കോബ് മാര്‍ ഐറേനിയസ് മുഖ്യകാര്‍മികത്വം വഹിച്ചു. കല്ലറയിലെ ധൂപപ്രാര്‍ഥനയില്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസും പങ്കെടുത്തു. ഇതിനുശേഷം വീട്ടിലും പ്രാര്‍ഥനയും ചടങ്ങുകളുമുണ്ടാകും.
പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ 40ാം ദിനത്തോടനുബന്ധിച്ച് വലിയ ജനത്തിരക്കാണുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം ആളുകള്‍ ഇപ്പോഴുമെത്തുന്നുണ്ട്. ജനത്തിരക്ക് കണക്കാക്കി വരുന്നവര്‍ക്കായി പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ 40 ആചരിക്കുന്ന ഇന്ന് വലിയ ജനത്തിരക്കാണു പ്രതീക്ഷിക്കുന്നത്. അതിനുള്ള ക്രമീകരണങ്ങളെല്ലാം ചെയ്തിട്ടുണ്ട്'' - പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളി വികാരി ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസും പള്ളി ഭാരവാഹികളും പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും ഇന്നു സ്മൃതിയാത്രകളും ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും. 40ാം ദിനം പ്രമാണിച്ച് ശനിയാഴ്ച യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഉണ്ടാകില്ല.