സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പുതുപ്പള്ളിയിൽ; മറ്റുമണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ വികസനം പുതുപ്പള്ളിയില്‍ എത്തിയില്ല; പുതുപ്പള്ളിയിലെ യഥാര്‍ത്ഥ സ്ഥിതി ജനങ്ങള്‍ക്കറിയാമെന്ന് മുഖ്യമന്ത്രി



കോട്ടയം: പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പലകാര്യങ്ങളിലും വ്യക്തതയുണ്ടാക്കുന്ന തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. മണ്ഡലത്തിന്റെ സ്ഥിതി എല്ലാവര്‍ക്കും അറിയാമെന്നും പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പാത വികസനത്തിന് 2011ലെ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. മനംകുളിര്‍പ്പിക്കുന്ന വിധം ഇപ്പോള്‍ ദേശീയ പാതയുടെ പണി നടക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരല്ല അധികാരത്തില്‍ വന്നിരുന്നതെങ്കില്‍ ദേശീയ പാതയുടെ അവസ്ഥ അതുപോലെ തുടരുമായിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഗെയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എതിര്‍പ്പുമായി വന്നവരോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. അതിന് എല്ലാവരും സഹകരിച്ചു. എല്‍ഡിഎഫ് അല്ല അധികാരത്തില്‍ വന്നതെങ്കില്‍ ഗെയില്‍ പദ്ധതിയും നടപ്പാകുമായിരുന്നില്ല.

ദേശീയതലത്തില്‍ തന്നെ നമ്മുടെ ആരോഗ്യവിദ്യാഭ്യാസ രംഗങ്ങള്‍ വളരെ പ്രകീര്‍ത്തിക്കപ്പെടുകയാണ്. യുഡിഎഫിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ രംഗം വന്‍തകര്‍ച്ചയിലായിരുന്നു. പൊതുവിദ്യാലയത്തില്‍ നിന്ന് കുട്ടികള്‍ കൊഴിഞ്ഞു പോകുകയായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. 

ഈ മണ്ഡലത്തിന്റെ യഥാര്‍ത്ഥ സ്ഥിതി എന്താണെന്ന് ജനങ്ങള്‍ക്കറിയാം. മറ്റുമണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ വികസനം പുതുപ്പള്ളിയില്‍ എത്തിയില്ല. പക്ഷേ, പുതുപ്പള്ളിയിലെ സ്‌കൂളുകള്‍ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പുരോഗതി പ്രാപിച്ചു. സര്‍വതലസ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
Previous Post Next Post