നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തൂടെ?; വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവില്‍ കേന്ദ്രത്തിന്റെ മറുപടി

തിരുവനന്തപുരം: ഓണം സീസണില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനുള്ള മറുപടിയില്‍ സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വിശദമാക്കി.

ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികള്‍ക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാള്‍ 9.77 ശതമാനം വര്‍ദ്ധനവു മാത്രമേയുള്ളൂ. ഡൈനാമിക് പ്രൈസിംഗ് രീതിയായതിനാല്‍ യാത്രക്കാര്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാര്‍ഗമുള്ളൂ എന്ന് സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി.
ചാര്‍ട്ടര്‍ വിമാനങ്ങള്‍ അനുവദിക്കുന്നത് അതിനായുള്ള ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു. അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങള്‍ക്കനുസരിച്ച് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് മാര്‍ച്ച് 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി കത്തയച്ചിരുന്നു.

ജൂലൈ പകുതി മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വിമാന കമ്പനികള്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ യാത്രക്കാര്‍ക്ക് താങ്ങനാകാത്ത നിലയില്‍ എത്തി നില്‍ക്കുന്നത്. ജൂലൈ ആദ്യ വാരം 13,000 മുതല്‍ 22,000 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്കെങ്കില്‍ ഇപ്പോള്‍ അത് 29,000 മുതല്‍ 50,000 രൂപ വരെയായി ഉയര്‍ന്നു. കൊച്ചിയില്‍ നിന്നും ദുബായിലേക്കുളള ടിക്കറ്റിന് ഇപ്പോൾ 32,000 രൂപക്ക് മുകളില്‍ നല്‍കണം.

ടിക്കറ്റ് നിരക്ക് വലിയ തോതില്‍ ഉയര്‍ന്നതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ യുഎഇയിലേക്കുള്ള മടക്കയാത്ര അടുത്ത മാസത്തേക്ക് മാറ്റിയിരിക്കുകയാണ്. സെപ്റ്റംബര്‍ പകുതിയോടെ ടിക്കറ്റ് നിരക്കില്‍ കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. അവധിക്കാലങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുന്നത് പതിവാണെങ്കിലും ഇപ്പോഴത്തേത് ഉണ്ടാകാത്ത വര്‍ദ്ധന ആണെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടികാട്ടുന്നു. ഇന്ത്യയിലെ വിവിധ ഡെസ്റ്റിനേഷനുകളിലേക്കുണ്ടായിരുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതും സാമ്പത്തിക പ്രതിസന്ധി മൂലം ബജറ്റ് എയര്‍ ലൈനായ ഗോ ഫസ്റ്റിന്റെ സര്‍വീസ് നിലച്ചതും നിരക്ക് വര്‍ദ്ധനവിന്റെ ആക്കം കൂട്ടിയെന്നും ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
Previous Post Next Post