തിരുവനന്തപുരം: മുക്കോലയ്ക്ക് സമീപം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. അരുവിക്കര സ്വദേശിയും അനിൽ കുമാറിന്റെയും എം.കൃഷ്ണമ്മയുടെയും മകനും കോവളം കമുകിൻ കുഴി റോഡിൽ അനുഭവനിൽ താമസക്കാരനുമായ കൃഷ്ണകുമാർ (31) ആണ് മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന മത്സ്യ തൊഴിലാളികളായ വർഗ്ഗീസ് ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ഓട്ടോയിൽ സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണകുമാർ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. പ്രാവമ്പലത്തെ സലാഹുദ്ദീൻ ട്രേഡേഴ്സിലെ ഡ്രൈവർ ആയിരുന്നു. വീടുമായി അകന്നു കഴിഞ്ഞിരുന്ന ഇയാൾ കഴിഞ്ഞ ഒരു വർഷമായി കോവളം സ്വദേശിനിയായ യുവതിക്കൊപ്പമായിരുന്നു താമസം. രാവിലെ ജോലിക്കു പോയ ശേഷം തിരികെ വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.