കൊച്ചി: ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ആൾക്കൂട്ടം എത്തുന്നതിനെക്കുറിച്ച് വിവാദ പ്രസ്താവനയുമായി സിപിഐഎം സംസ്ഥാന സമിതി അംഗം അഡ്വ. കെ അനില്‍ കുമാർ. ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്കെത്തുന്നത് കൃത്രിമമായി സംഘടിപ്പിച്ച ആള്‍ക്കൂട്ടമാണെന്നും അവര്‍ക്കൊന്നും പുതുപ്പള്ളിയില്‍ വോട്ടില്ലല്ലോയെന്നും അനില്‍കുമാര്‍ ചോദിച്ചു. പുതുപ്പള്ളിയില്‍ സിപിഐഎമ്മിന് നിറഞ്ഞ ആത്മവിശ്വാസമുണ്ട്. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം വരുമെന്ന് പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസമില്ലാത്തൊരു തിരഞ്ഞെടുപ്പിലാണ് കഴിഞ്ഞ തവണ പരാജയം നേരിടേണ്ടി വന്നതെന്നും കെ അനില്‍കുമാര്‍ പ്രതികരിച്ചു.
'മരണശേഷം കല്ലറയിലെത്തി ഉമ്മന്‍ചാണ്ടിയെ കാണാന്‍ വരുന്നവര്‍ക്കൊന്നും വോട്ടില്ലല്ലോ. കൃത്രിമമായി സംഘടിപ്പിക്കുന്ന ആള്‍ക്കൂട്ടമാണ് പുതുപ്പള്ളിയിലേക്ക് എത്തുന്നത്. വി ഡി സതീശനേയും കെ സുധാകരനേയും ജനങ്ങള്‍ വിശ്വസിക്കില്ല.' അനില്‍കുമാര്‍ പറഞ്ഞു.
പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറും എല്‍ഡിഎഫിന്റെ പഞ്ചായത്താണ്. എല്‍ഡിഎഫ് വികസനം കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിക്കുന്നു. കേരളത്തിലെ ഏറ്റവും അവികസിത മണ്ഡലമാണ് പുതുപ്പള്ളിയെന്ന് അവിടെ വരുന്നയെല്ലാവര്‍ക്കുമറിയാം. കേരളത്തിന്റെ വികസനത്തിനൊപ്പം പുതുപ്പള്ളിയെ എത്തിക്കാന്‍ എല്‍ഡിഎഫ് വിജയിക്കണം. മണ്ഡലത്തിന്റെ വികസനത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ സഹതാപ തരംഗം ഉണ്ടാവില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.
സാധാരണ ജനപ്രതിനിധി മണ്ഡലത്തിലാണ് ഉണ്ടാവേണ്ടത്. 53 കൊല്ലം ജയിച്ചെങ്കിലും ആഴ്ച്ചയില്‍ ഒരിക്കല്‍ മാത്രമാണ് ഉമ്മന്‍ചാണ്ടി മണ്ഡലത്തില്‍ ഉണ്ടാവാറുള്ളത്.മണ്ഡലത്തിലെ ജനങ്ങളുടെ പരിമിതി എത്രത്തോളമായിരിക്കുമെന്നും നമുക്കറിയാം. ആഘോഷങ്ങള്‍ കൊണ്ടൊന്നും ജനങ്ങളുടെ മനസ്സറിയാന്‍ കഴിയില്ല. പുതുപ്പള്ളിയില്‍ ഇടതുമുന്നണിക്ക് വേരുകളുണ്ട്. എല്‍ഡിഎഫിന് നല്ല മേല്‍കൈ ഉണ്ട്. കേരള കോണ്‍ഗ്രസും എല്‍ഡിഎഫിനൊപ്പമാണ്.
കൊവിഡ് കാലത്ത് പോലും ഉമ്മന്‍ചാണ്ടി മണ്ഡലത്തില്‍ വന്നിട്ടില്ല. ഇതൊക്കെ നാട്ടുകാര്‍ക്ക് അറിയാം. ആരെയെങ്കിലും കെട്ടിയിറക്കിയാല്‍ അവര്‍ സ്വീകരിക്കില്ലെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.