'ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിൽ. കൈക്കൂലി കിട്ടാൻ വേണ്ടി ഉദ്യോഗസ്ഥർ ജനങ്ങളെ വട്ടം കറക്കുകയാണ്. സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങാതെ തന്നെ ഓൺലൈൻ വഴി സേവനം ലഭ്യമാവുന്നതോടെ ഈ അഴിമതി കുറയും'; മന്ത്രി എം.ബി രാജേഷ്
കണ്ണൂർ: സർക്കാർ സർവീസിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് തദ്ദേശ സ്വയം ഭരണ വകുപ്പിലാണെന്ന് മന്ത്രി എം.ബി. രാജേഷ്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല ആവശ്യങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എത്തുന്ന ജനങ്ങളെ ചില ഉദ്യോഗസ്ഥർ വട്ടം കറക്കുന്നുണ്ട്. കൈക്കൂലി കിട്ടുന്നതിന് വേണ്ടിയാണ് ഈ കളി കളിക്കുന്നത്. ആളുകൾ ഓഫീസിൽ കയറി ഇറങ്ങേണ്ട സാഹചര്യം ഒഴിവാക്കിയാൽ തന്നെ അഴിമതി കുറയുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ അപേക്ഷകളും ഓൺലൈൻ വഴിയാക്കുന്ന കെ. സ്മാർട്ട് ആപ്ലിക്കേഷൻ നവംബർ ഒന്നുമുതൽ ആരംഭിക്കും. കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള ഫീസ് 10 മടങ്ങ് വര്‍ധിപ്പിച്ചതിനെ പലരും വിമര്‍ശിക്കുന്നു. എന്നാല്‍, ആ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനാക്കിയതോടെ ഉദ്യോഗസ്ഥന്മാര്ക്ക് കൈക്കൂലി നല്‍കാതെ ജനങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുമെന്ന സ്ഥിതിവന്നു.
അതിലൂടെ വന്‍ സാമ്പത്തിക നേട്ടമാണ് ജനങ്ങൾക്കുണ്ടായത്. എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കുന്നതോടെ ഉദ്യോഗസ്ഥന്മാര്ക്ക് കൈക്കൂലി വാങ്ങാനുള്ള പഴുതടയുമെന്നും മന്ത്രി പറഞ്ഞു