ലോഡ്ജിൽ നിന്ന് രണ്ടു സ്ത്രീകളടക്കം നാലുപേരെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തു



തൃശ്ശൂർ: കുന്നംകുളത്ത് ലോഡ്ജിൽ നിന്ന് രണ്ടു സ്ത്രീകളടക്കം നാലുപേരെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാ‍ഡും കുന്നംകുളം പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളിൽ നിന്നും അഞ്ച് ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെത്തിയത്. കൂറ്റനാട് സ്വദേശികളായ ഷഫീക്ക് (32), അനസ് (26), ആലപ്പുഴ ആർത്തുങ്കൽ സ്വദേശിനി ഷെറിൻ (29), കൊല്ലം സ്വദേശി സുരഭി (23) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. പ്രദേശത്തെ സ്കൂള്‍ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതികള്‍ മയക്കുമരുന്നെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

രണ്ട് ദിവസത്തോളമായി കുന്നംകുളത്തെ വിവധ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇവർക്ക് എംഡിഎംഎ എത്തിച്ച മയക്കുമരുന്ന് കണ്ണികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുന്നംകുളം പൊലീസ് സബ് ഇൻസ്പെക്ടർ നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Previous Post Next Post