അബുദാബി: ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങി എത്തുന്ന ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിക്ക് അവിസ്മരണീയമായ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ യുഎഇയില്‍ പുരോഗമിക്കുന്നു. ശാസ്ത്രജ്ഞരുടെ പുതിയ സംഘം അന്താരാഷ്ട ബഹിരാകാശ നിലയത്തില്‍ എത്തുന്നതിന് പിന്നാലെയാകും സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും ഭൂമിയിലേക്ക് മടങ്ങുക. ഈ മാസം 24 നോ 25 നോ പുതിയ സംഘത്തെ നാസ ബഹിരാകാശത്തേക്ക് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെങ്കില്‍ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ആയിരിക്കും അല്‍ നെയാദിയും മറ്റ് ശാസ്ത്രഞ്ജരും ഭൂമിയിലേക്ക് മടങ്ങുക.
ബഹിരാകാശ നിലയത്തില്‍ അവസാന ഘട്ട പരീക്ഷണങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ അല്‍ നെയാദി. ചരിത്ര ദൗത്യം പൂര്‍ത്തിയാക്കിയുളള നെയാദിയുടെ മടങ്ങി വരവ് വലിയ ആഘോഷമാക്കാനുളള തയ്യാറെടുപ്പിലാണ് യുഎഇ. ഭരണ കര്‍ത്താക്കളുമായുളള കൂടിക്കാഴ്ചക്ക് പുറമെ സംവാദങ്ങള്‍, പ്രത്യേക റോഡ് ഷോ തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
അതേസമയം, തിരിച്ചെത്തിയാലും ഭൂമിയുമായി പൊരുത്തപ്പെടാന്‍ പിന്നെയും ആഴ്ചകള്‍ വേണ്ടി വരും. ഇതിന് പ്രത്യേക പരിശീലനം ഉള്‍പ്പെടെ ആവശ്യമുണ്ട്. ബഹിരാകാശ ജീവിതത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ നടത്തം മുതല്‍ എല്ലാം വീണ്ടും പഠിക്കേണ്ടി വരുമെന്ന് ഷാര്‍ജയിലെ സ്‌കൂള്‍ കുട്ടികളുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തില്‍ അടുത്തിടെ അല്‍ നെയാദി പറഞ്ഞിരുന്നു.
ആറ് മാസക്കാലം നീളുന്ന ദൗത്യത്തിനായി മാര്‍ച്ച് ആദ്യവാരമാണ് സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശ നിലയത്തിലേക്ക് പോയത്. ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടം കൂടി സ്വന്തമാക്കിയാണ് സുല്‍ത്താന്‍ അല്‍ നെയാദി ഭൂമിയിലേക്കുള്ള മടക്കയാത്രക്ക് തയ്യാറെടുക്കുന്നത്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇരുന്നൂറോളം പരീക്ഷണങ്ങളിലാണ് അല്‍ നെയാദി ഏര്‍പ്പെട്ടത്.