പാമ്പാടി ∙ പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടത്തിനു തയാറാണെന്നും സിപിഎമ്മിനു പക്ഷേ രാഷ്ട്രീയം ചർച്ച ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പ്രചരണാർഥം സംഘടിപ്പിച്ച നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ആകെ വിറ്റാലും ഓണമുണ്ണാൻ കഴിയാത്ത അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുന്നു.
വികസനം വരുമ്പോൾ അന്യാധീനപ്പെട്ടു പോകുന്ന സാധാരണ മനുഷ്യരെക്കുറിച്ച് ഉമ്മൻ ചാണ്ടിക്കും യുഡിഎഫിനും കരുതലുണ്ടായിരുന്നു. വികസന വഴികളിലെ സാധാരണക്കാരൻ പിണറായി വിജയന് ഒരു പ്രശ്നമേയല്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെമിഫൈനലാണ്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയും കേരളത്തിൽ പിണറായി വിജയനും ഒരേ അർഥത്തിൽ ജനത്തെ ബുദ്ധിമുട്ടിക്കുന്നവരും ഭിന്നിപ്പിക്കുന്നവരുമാണ്. ഇന്ത്യയിൽ ഒരു സംസ്ഥാനം 100 ദിവസമായി നിന്നുകത്തുകയാണ്. മണിപ്പുരിനെ ഈ അവസ്ഥയിൽ എത്തിച്ചത് കേന്ദ്ര സർക്കാരാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച നിർദേശത്തിൽ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം വളരെപ്പെട്ടെന്നാണു തീരുമാനമെടുത്തത്. ‘മികച്ച ചോയ്സ്’ എന്നാണു രാഹുൽ ഗാന്ധി പറഞ്ഞത്. ഭാരതത്തിൽ മാറ്റത്തിനു തിരിതെളിച്ച ഭാരത് ജോഡോ യാത്രയിൽ 4000 കിലോമീറ്റർ ചെരിപ്പുപോലും ഇല്ലാതെ നടന്നതിൽ കൂടുതൽ വലിയ ഒരു സർട്ടിഫിക്കറ്റും ചാണ്ടി ഉമ്മനു വേണ്ടെന്നും വേണുഗോപാൽ പറഞ്ഞു. എല്ലാ വികസനവും ഫ്രീസറിൽ വച്ച സംസ്ഥാന സർക്കാരിനോട് എന്തു വികസനത്തെക്കുറിച്ചാണു ചർച്ച ചെയ്യേണ്ടതെന്നു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു.