മണിക്കൂറുകള്‍ക്കകം ചാണ്ടി ഉമ്മന്റെ ഫ്‌ളക്‌സ്, ചുവരെഴുത്തും; സജീവമായി പ്രവര്‍ത്തകര്‍

കോട്ടയം: സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പുതുപ്പള്ളിയില്‍ സജീവമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പലയിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. ചുവരെഴുത്തും ആരംഭിച്ചിട്ടുണ്ട്.

നാളെ മുതല്‍ ചാണ്ടി ഉമ്മന്‍ മണ്ഡലത്തില്‍ സജീവമാകുമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചത്. അതിന് വേണ്ടിയുള്ള ടീമിനെ നാളെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

2021 ല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. തൃക്കാക്കര മോഡലില്‍ അതിവേഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന രീതിയാണ് പുതുപ്പള്ളിയിലും കണ്ടത്. പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളുടെ ചുമതല മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്കും ഐഎന്‍ടിയുസി ഭാരവാഹികള്‍ക്കും വീതിച്ചു നല്‍കിയിട്ടുണ്ട്.

അയര്‍ക്കുന്നം, പുതുപ്പള്ളി ബ്ലോക്കുകളുടെ ചുമതല കെ സി ജോസഫിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയതിന് പുറമേ ബ്ലോക്കുകളുടെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളുടെ ചുമതലയും നിര്‍ദ്ദേശിച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ എട്ടില്‍ 6 പഞ്ചായത്തും എല്‍ഡിഎഫിന്റേതെന്ന വെല്ലുവിളി മറികടക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജെയ്ക് സി തോമസിന്റെ പഞ്ചായത്തായ മണര്‍കാട് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസിനും മുന്‍ ഡിസിസി പ്രസിഡന്റ് കുര്യന്‍ ജോയ്ക്കും ചുമതല ഏല്‍പ്പിച്ചു.

കുഞ്ഞ് ഇല്ലംപള്ളിക്കാണ് പുതുപ്പള്ളി പഞ്ചായത്തിന്റെ ചുമതല. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന് പാമ്പാടിയിലാണ് ചുമതല. അകലക്കുന്നത്ത് ടോമി കല്ലാനിയും കൂരോപ്പടയില്‍ പിഎ സലീമും വാകത്താനത്ത് ജോസി സെബാസ്റ്റ്യനും അയര്‍ക്കുന്നത്ത് ഫിലിപ്പ് ജോസഫും മീനടത്ത് പി എസ് രഘുറാമും ചുമതല വഹിക്കും. ഇതിനു പുറമേ 182 ബൂത്തുകള്‍ക്കും നിയോജകമണ്ഡലത്തിന് പുറത്തുനിന്നുള്ള ജില്ലയിലെ തന്നെ നേതാക്കള്‍ക്ക് ചുമതല നല്‍കി.


Previous Post Next Post