തൊഴുത്തിൽനിന്ന് അഴിഞ്ഞുപോയ പശുവിനെ പിടിക്കുന്നതിനിടെ ഓലിയിൽ വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


ഇടുക്കി: ഉടുമ്പൻചോല കരുണാപുരത്ത് തൊഴുത്തിൽനിന്ന് അഴിഞ്ഞുപോയ പശുവിനെ പിടിക്കുന്നതിനിടെ ഓലിയിൽ വീണു വീട്ടമ്മ മരിച്ചു. കരുണാപുരം മന്തിപ്പാറ വയലാർ നഗറിൽ വടക്കേവീട്ടിൽ പുരുഷോത്തമൻ്റെ ഭാര്യ ഉഷയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഓലിയിലേക്ക് വീണ ഉഷയുടെ ദേഹത്തേക്ക് പശു വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 3:30നാണ് സംഭവം. കറക്കാനായി തൊഴുത്തിൽനിന്ന് അഴിക്കുന്നതിനിടെ പശു കുതറിയോടുകയായിരുന്നു. പശുവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തൊഴുത്തിനു സമീപമുള്ള ഓലിയിലേക്ക് ഉഷ വീഴുകയും പിന്നാലെ പശു വീട്ടമ്മയുടെ മുകളിലേക്ക് പതിക്കുകയുമായിരുന്നു. ഉഷയെ കാണാതായതോടെ ഭർത്താവ് നടത്തിയ തെരച്ചിലിലാണ് അപകടവിവരം അറിയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കമ്പംമെട്ട് പോലീസും നാട്ടുകാരും ചേർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു പശുവിനെ പൊക്കിയെടുത്തു. തുടർന്ന് ഉഷയെ പുറത്തെത്തിച്ചു. ഗുരുതര പരിക്കേറ്റ ഉഷയെ ഉടൻ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Previous Post Next Post