ചെങ്ങന്നൂര്: മന്ത്രി സജി ചെറിയാനെ സ്തുതിച്ചുകൊണ്ട് ജീവനക്കാരി പാടിയ കവിത സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. പൊതുചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ വേദിയിലിരിക്കെയാണ് അദ്ദേഹത്തെ പുകഴ്ത്തിയുള്ള കവിത ജീവനക്കാരി ആലപിക്കുന്നത്. പ്രളയകാലത്ത് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മന്ത്രി നടത്തിയ ഇടപെടലുകളെ പുകഴ്ത്തിയാണ് കവിത. ചെങ്ങന്നൂര് കല്ലിശ്ശേരിയില്‍ മണ്പാത്ര വ്യവസായ യൂണിറ്റിലെ ആദ്യവില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം. സൊസൈറ്റിയിലെ ജീവനക്കാരി കൂടിയായ ഗീത രാമചന്ദ്രന്‍ സ്വയം ഏഴുതി വേദിയില്‍ കവിത ആലപിക്കുകയായിരുന്നു.
പ്രിയമാര്‍ന്ന ജനസേവനകന്‍ തന്‍ സജി ചെറിയാന്‍ ഒരു അഭിമാന താരമായി മാറി.., ചെങ്ങന്നൂരിന്‍റെ അഭിലാഷമായി എന്ന വരികളോടെയാണ് കവിത ചൊല്ലിതുടങ്ങുന്നത്. പ്രളയത്തെ നോക്കി വിതുമ്പി, പിന്നെ പ്രചകള്‍ക്കുവേണ്ടി കരഞ്ഞു…, പ്രതിസന്ധികള്‍ മലര്‍മാലപോല്‍ അണിയുന്ന രണവീരനായി.., ജന്മനാടിന്‍റെ രോമാഞ്ചമായി തുടങ്ങിയ വരികളോടെയാണ് സജി ചെറിയാനെ തുടര്‍ന്ന് കവിതയില്‍ പുകഴ്ത്തുന്നത്.
കണ്‍കണ്ട ദൈവമായി കാവലാളായി ജനം നെഞ്ചോട് ചേര്‍ത്തങ്ങുയര്‍ത്തി, വിജയങ്ങളില്‍ ജനമന്ത്രിയായി സന്തോഷ താരം വിടര്‍ന്നു എന്നു പറഞ്ഞുള്ള വരികള്‍ക്കുശേഷം ചെങ്ങന്നൂരിന്‍റെ അഭിലാഷമായെന്ന ആദ്യ വരി വീണ്ടും ആലപിച്ചുകൊണ്ടാണ് കവിത അവസാനിപ്പിക്കുന്നത്. കൈയടികളോടെയാണ് മന്ത്രിയെ പുക്ഴ്ത്തിയുള്ള കവിതയെ സദസിലുള്ളവര്‍ സ്വീകരിക്കുന്നത്. കവിതകേള്‍ക്കുന്നതിനിടെയും മന്ത്രി സജി ചെറിയാന്‍ അടുത്തിരിക്കുന്നയാളുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. സ്ത്രീ തൊഴിലാളി കവിത അവസാനിപ്പിച്ച ഉടന്‍ സജി ചെറിയാന്‍ എഴുന്നേറ്റുവരുന്നതുവരെയാണ് വീഡിയോയിലുള്ളത്.