വർണ്ണക്കാഴ്ചകളുടെ മഹോത്സവം'; കേരളീയം നവംബർ 1 മുതൽ; 'തലസ്ഥാനം പൂത്തുലയും'


 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം’ നവംബർ 1 മുതൽ 7 വരെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് അരങ്ങേറുന്നു. കേരളീയത്തെ വർണ്ണങ്ങളാൽ അലംകൃതമാക്കാൻ പുഷ്മമേളയും ഒരുങ്ങുകയാണ്. കേരളത്തെ അതിന്റെ എല്ലാ തനിമയോടും കൂടി അവതരിപ്പിക്കുന്ന കേരളീയത്തെ നയനാനന്ദകരമാകുന്നതാകും പുഷ്പമേളയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

വിവിധതരം സസ്യലതാദികൾ ഉൾപ്പെടുത്തിയുള്ള പൂഷ്പമേള അഞ്ച് സെഷനുകളായാണ് അരങ്ങേറുക. അലങ്കാര ചെടികൾ, ഔഷധസസ്യങ്ങൾ, വിവിധയിനം പുല്ലിനങ്ങൾ, ബോൺസായ്, ഏറ്റവും പുതിയ വിദേശ ചെടി ഇനങ്ങൾ എന്നിവ പ്രദർശനത്തിനെത്തും. പുഷ്മേളയോടനുബന്ധിച്ച് പൂക്കളുപയോഗിച്ചുള്ള ഇൻസ്റ്റലേഷനുകളും വിളംബര സ്തംഭങ്ങളും ഒരുക്കുന്നുണ്ട്. 

ആറു വേദികളിലായാണ് ഫ്‌ളവർ ഷോ നടക്കുക. കിഴക്കേകോട്ട മുതൽ കവടിയാർ വരെ അഞ്ച് വേദികളിലായി ഫ്ളവർ ഇൻസ്റ്റലേഷനുകളും വ്യത്യസ്ത വേദികളിലായി വിളംബര സ്തഭവും ഒരുക്കും. വിവിധ മേഖലകൾ കേരളം കൈവരിച്ച നേട്ടങ്ങളും കേരളത്തിന്റെ സാംസ്കാരിക മുന്നേറ്റവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കേരളീയം. മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. 

കേരളീയത്തോട് അനുബന്ധിച്ച് തനത് കലാരൂപങ്ങളും സാംസ്‌കാരിക പരിപാടികളും ഭക്ഷ്യ വ്യാപാര മേളകളും പുസ്തകമേളകളും മലയാള ചലച്ചിത്രങ്ങളുടെ പ്രദർശനവും രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖർ അണിനിരക്കുന്ന സംവാദങ്ങൾ അടക്കമുള്ള പരിപാടികൾ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ വളർച്ചയുടെ നാൾവഴികളോടൊപ്പം ഭാവി വികസനത്തിനായുള്ള മാർഗ്ഗനിർദ്ദേശങ്ങളും അവതരിപ്പിക്കുന്നതിന് ഈ വേദി വഴിയൊരുക്കുന്നതാണ്. കേരളത്തിന്റെ സ്വന്തം ഉത്സവമായി ‘കേരളീയ’ത്തെ മാറ്റാൻ, വൻ വിജയമാക്കാൻ നമുക്കൊരുമിച്ചു മുന്നേറാം. മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
Previous Post Next Post