കളമശേരി സ്ഫോടനം; മുഖ്യമന്ത്രിയുമായി സംസാരിച്ച് അമിത് ഷാ, അന്വേഷണത്തിന് എൻഐഎ



തിരുവനന്തപുരം: എറണാകുളം കളമശേരിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചു. സ്ഥിതിഗതികൾ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ ഇരുവരും വിലയിരുത്തി.സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും മുതിർന്ന പോലീസ് സംഘം സ്ഥലത്തെത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗൗരവകരമായ സംഭവമാണുണ്ടായത്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സംഭവത്തിൽ അന്വേഷണത്തിന് എൻഐഎയ്ക്കും എൻഎസ്ജിക്കും നിർദേശം നൽകിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എൻഐഎ സംഘം സ്ഫോടനം നടന്ന കളമശേരിയിലെ കൺവെൻഷൻ സെൻ്ററിലെത്തി പ്രാഥമിക പരിശോധന നടത്തി. വിശദമായ അന്വേഷണത്തിനാണ് കേന്ദ്രവും സംസ്ഥാനവും തയ്യാറെടുക്കുന്നത്.സ്ഫോടനമുണ്ടായ കൺവൻഷൻ സെൻ്റർ സീൽ ചെയ്ത അവസ്ഥയിലാണ്. വാഹനങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ പിന്നീട് വിട്ടുനൽകാമെന്ന നിലപാടിലാണ് പോലീസ്. സംഭവസ്ഥലത്തുണ്ടായിരുന്നവരെ വാഹനങ്ങളിൽ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി.കളമശേരിയിലെ സാമ്ര ഇൻ്റർനാഷണൽ കൺവൻഷൻ സെൻ്ററിൽ ഇന്ന് രാവിലെ 9.30നാണ് ഉഗ്ര ശബ്ദത്തിൽ സ്ഫോടനമുണ്ടായത്. ഒരാൾ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതാണ് കളക്ടർ പറഞ്ഞു. ഇവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായിട്ടില്ല. സ്ഫോടനമുണ്ടാകുമ്പോൾ ഹാളിൽ 2,400ലധികം ആളുകൾ ഉണ്ടായിരുന്നതായാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. പ്രാർഥനാ കൂട്ടായ്മയിലേക്ക് എത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Previous Post Next Post