എറണാകുളം ജില്ലയിൽ അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാരും തിരിച്ചെത്താൻ നിർദേശം, ആശുപത്രികളിൽ അധിക സേവനം, ജാ​ഗ്രത നിർദേശം


 

കൊച്ചി: കളമശേരിയിലെ യഹോവ സമ്മേളനത്തിനിടെ സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ എറണാംകുളം ജില്ലയിൽ അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നൽകിയതായും വീണ ജോർജ് വ്യക്തമാക്കി.ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളിൽ അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറ് പേർ ഐസിയുവിലാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവം നടന്ന സ്ഥലത്ത് ഐബി ഈഡൻ എംപിയും, ആലുവ എംഎൽഎ അൻവർ സാദത്തും എത്തിയിട്ടുണ്ട്. ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഹൈബി ഈഡൻ എംപി വ്യക്തമാക്കി.രണ്ടായിരത്തിലധികം പേരാണ് സ്ഫോടനം നടക്കുമ്പോൾ ഹാളിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. മൂന്നിലധികം സ്ഫോടനങ്ങൾ തുടർച്ചയായി നടന്നെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. പ്രാർത്ഥന തുടങ്ങിയതോടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ഹാളിൻ്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് കണ്‍വെൻഷൻ സെൻ്ററിലെത്തിയിട്ടുള്ളത്.

Previous Post Next Post