ശബരിമല നട നാളെ തുറക്കും; ചിത്തിര ആട്ടവിശേഷം 11ന്, ഒരുദിവസം മാത്രം വിശേഷാൽ പൂജ

 


പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രനട 10ന് തുറക്കും. 11നാണ് ആട്ടത്തിരുനാൾ. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ശബരിമലയിൽ ആട്ടത്തിരുനാൾ ആഘോഷിക്കുന്നത്.10ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി എസ് ജയരാമൻ നമ്പൂതിരി ക്ഷേത്രനട തുറന്ന് വിളക്ക് തെളിയിക്കും. പ്രത്യേക പൂജകൾ ഉണ്ടാകില്ല. മാളികപ്പുറം മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിച്ച ശേഷം ഭക്തർക്ക് മഞ്ഞൾപ്രസാദം നൽകും.ചിത്തിര ആട്ടവിശേഷത്തിന് ഒരുദിവസം മാത്രമാണ് വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുക. കവടിയാർ കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തെ പ്രധാന ചടങ്ങ്. നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5:30ന് മഹാഗണപതിഹോമം. തുടർന്ന് നെയ്യഭിഷേകം. 7:30ന് ഉഷപൂജ. 11 മണിവരെ നെയ്യഭിഷേകം ഉണ്ടായിരിക്കും. 12:30ന് ഉച്ചപൂജ.ഉച്ചയ്ക്ക് ഒരുമണിക്ക് അടയ്ക്കുന്ന തിരുനട വൈകുന്നേരം അഞ്ചുമണിക്കാണ് വീണ്ടും തുറക്കുക. പൂജകൾ കഴിഞ്ഞ് 11ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടയടയ്ക്കും. ഇതോടെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരായ എസ് ജയരാമൻ നമ്പൂതിരി, വി ഹരിഹരൻ നമ്പൂതിരി എന്നിവരുടെ ഒരു വർഷക്കാലത്തെ പുറപ്പെടാ ശാന്തി സേവനം പൂർത്തിയാകുംമണ്ഡല ഉത്സവത്തിനായി 16ന് വൈകിട്ട് വീണ്ടും ക്ഷേത്രനട തുറക്കും. തുടർന്ന് പുതിയ മേൽന്തിമാരുടെ അഭിഷേകം തന്ത്രിയുടെ കാർമികത്വത്തിൽ നടക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഭക്തർക്കായി സ്പോട്ട് ബുക്കിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

Previous Post Next Post