ബെംഗളൂരു: തന്റേയും മറ്റ് പെൺകുട്ടികളുടെയും നഗ്നചിത്രങ്ങൾ കണ്ടെത്തിയതിന് പിന്നാലെ വിവരം പോലീസിൽ അറിയിച്ച് കാമുകി. ബെംഗളൂരുവിൽ നിന്നുമാണ് ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഹപ്രവർത്തകൻ കൂടിയായ കാമുകന്റെ ഫോൺ ഗ്യാലറി തുറന്നപ്പോഴാണ് 13,000ത്തിലധികം നഗ്ന ചിത്രങ്ങൾ കണ്ടെത്തിയത്. ഇക്കൂട്ടത്തിൽ സ്വന്തം ചിത്രവും സഹപ്രവർത്തകരായ പെൺകുട്ടികളുടേയും മറ്റ് പെൺകുട്ടികളുടെ ചിത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ തന്നെ 22 കാരി സംഭവം കമ്പനിയെ അറിയിക്കുകയും ഇരയായ മറ്റൊരു പെൺകുട്ടി സംഭവം പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. ആദിത്യ സന്തോഷ് എന്ന യുവാവ് വൈകാതെ തന്നെ പോലീസ് കസ്റ്റഡിയിലാകുകയും ചെയ്തു.അഞ്ചു മാസങ്ങൾക്ക് മുൻപ് ബെംഗളൂരുവിലെ ബെല്ലന്ദൂരിൽ ഒരു ബിപിഒ കമ്പനിയിൽ ജോലിക്ക് ചേർന്നതിന് പിന്നാലെയാണ് പെൺകുട്ടി ആദിത്യ സന്തോഷിനെ പരിചയപ്പെടുന്നത്. വൈകാതെ തന്നെ ഇരുവരും പ്രണയത്തിലായി. ഇതിനിടെയുള്ള സ്വകാര്യ നിമിഷങ്ങൾ ഫോണിൽ സന്തോഷ് പകർത്തിയിരുന്നു. ഇത് ഡിലീറ്റ് ചെയ്യണമെന്ന് പെൺകുട്ടി ആവശ്യപ്പെടുകയും ചെയ്തു. ഒരിക്കൽ ഇത് പരിശോധിക്കുന്നതിന് വേണ്ടി ഇയാളുടെ ഫോൺ ഗ്യാലറി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതി ഞെട്ടിയത്.ഇക്കൂട്ടത്തിൽ ചില പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തതാണോ എന്ന് സംശയിക്കുന്നതായും പെൺകുട്ടി സംശയം പ്രകടിപ്പിച്ചു. സന്തോഷുമായുള്ള ബന്ധം ഉടൻ തന്നെ അവസാനിപ്പിച്ച പെൺകുട്ടി ഉടൻ തന്നെ കമ്പനിയിൽ വിവരമറിയിക്കുകയും ചെയ്തു. കമ്പനി അധികൃതർ വിവരം ബെംഗളൂരുവിലെ സൈബർ ക്രൈം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ പരാതിയിലാണ് പോലീസ് ആദിത്യ സന്തോഷിനെ അറസ്റ്റ് ചെയ്യുന്നത്.“ഈ സംഭവം മറ്റ് നിരവധി സ്ത്രീകളെ ബാധിച്ചേക്കാം. ഓഫീസിലെ മറ്റ് സ്ത്രീകളോട് അയാൾ ഒരു ഉപദ്രവവും ചെയ്തിട്ടില്ലെങ്കിലും, അയാളുടെ ഉദ്ദേശ്യം എന്താണെന്ന് ആരും അറിഞ്ഞിരുന്നില്ല. ഫോട്ടോകൾ ചോർന്നിരുന്നെങ്കിൽ അത് അവരെ മാനസിക സംഘർഷത്തിലേക്ക് ആക്കുമായിരുന്നു.“ കമ്പനിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
കസ്റ്റമർ സർവീസ് ഏജന്റായി സന്തോഷ് കഴിഞ്ഞ് അഞ്ച് മാസക്കാലമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു. ചിത്രങ്ങൾ മോർഫ് ചെയ്യുന്നതിന് കമ്പനിയുടെ ഉപകരണങ്ങൾ ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. പ്രതിയെ ഓഫീസിലെത്തിയാണ് അധികൃതർ അറസ്റ്റ് ചെയ്തിട്ടുള്ളത്.ഇയാൾ ഈ ഫോട്ടോകൾ എന്തിന് ഉപയോഗിച്ചുവെന്നതും ഇതിനുള്ള കാരണവും കണ്ടെത്തുന്നതിന് കുറച്ചുകൂടി സമയം ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സ്ത്രീകളിൽ ആരെയെങ്കിലും ഇയാൾ ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടോ എന്നും കണ്ടത്തേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.