അമ്മ ബസില്‍ നിന്നിറങ്ങിയിട്ടും പെണ്‍കുട്ടികളെ ഇറക്കാതെ സ്വകാര്യ ബസ് പാഞ്ഞു; ഓട്ടോറിക്ഷയില്‍ പിന്നാലെ കുട്ടികളുടെ അമ്മ! പോലീസ് കേസ് എടുക്കുമെന്ന് സൂചന ,സംഭവം ഇന്നലെ രാത്രി ഏഴ് മണിക്ക്

കൊച്ചി: ബസില്‍നിന്നും അമ്മ ഇറങ്ങിയശേഷം പെണ്‍കുട്ടികളെ ഇറക്കാതെ സ്വകാര്യ ബസ് പോയതായി പരാതി. ഓട്ടോറിക്ഷയില്‍ പിന്നാലെ ചെന്ന് കുട്ടികളെ കൂട്ടി അമ്മ. അമ്മയോടൊപ്പം ബസില്‍ യാത്ര ചെയ്യുകയായിരുന്ന ആറും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെയാണ് സ്‌റ്റോപ്പില്‍ ഇറക്കാതെ ബസ് പാഞ്ഞത്. 
പാലാരിവട്ടം സ്വദേശിനി ഷിബിക്കും രണ്ടു മക്കള്‍ക്കുമാണ് ദുരനുഭവമുണ്ടായത്. കൊച്ചി പാലാരിവട്ടത്ത് ഇന്നലെ രാത്രി ഏഴിന് മട്ടാഞ്ചേരി-ആലുവ റൂട്ടിലോടുന്ന സജിമോന്‍ എന്ന ബസിലാണ് സംഭവം. 

ബസ് പാലാരിവട്ടത്ത് എത്തിയപ്പോള്‍ ഷിബി ആദ്യമിറങ്ങി. എന്നാല്‍, മക്കള്‍ രണ്ടുപേരും പിന്നാലെ ഇറങ്ങുന്നത് കാത്തു നില്‍ക്കാതെ ജീവനക്കാര്‍ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. മക്കള്‍ ഇറങ്ങാനുണ്ടെന്ന് പറഞ്ഞിട്ടും, ബസില്‍ തട്ടി വിളിച്ചിട്ടും ബസ് മുന്നോട്ട് പോകുകയായിരുന്നു. 

ഇതോടെ ഓട്ടോറിക്ഷയില്‍ ഷിബി ബസിന് പിന്നാലെ പോകുകയായിരുന്നു. കുട്ടികള്‍ ബസില്‍ നിന്നിറങ്ങിയില്ലെന്ന മനസിലാക്കി ബസില്‍ തൊട്ടടുത്തുണ്ടായിരുന്ന പെണ്‍കുട്ടി ബസ് നിര്‍ത്തിച്ച് കുട്ടികളുമായി ഇറങ്ങുകയായിരുന്നു. 

നിറയെ യാത്രക്കാരുണ്ടായിരുന്നതിനാലാണ് കുട്ടികള്‍ക്ക് പെട്ടെന്ന് ഇറങ്ങാന്‍ കഴിയാതിരുന്നത്. പെണ്‍കുട്ടിയുടെ ഇടപെടലുണ്ടായില്ലായിരുന്നില്ലെങ്കില്‍ ബസ് കുറേ ദൂരം വീണ്ടും പോകുമായിരുന്നെന്ന് ഷിബി പറഞ്ഞു. സംഭവത്തില്‍ ഷിബി പോലീസില്‍ പരാതി നല്‍കി. ബസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞു. 
Previous Post Next Post