അനധികൃത സ്വത്ത് സമ്പാദന പരാതി: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എ പി ജയനെ നീക്കി

 


സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെ നീക്കി. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ നല്‍കിയ പരാതിയിലാണ് നടപടി. മുല്ലക്കര രത്‌നാകരനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. അടുത്ത ടേമില്‍ സിപിഐയ്ക്ക് ജില്ലാ പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനിടയുള്ളയാള്‍ കൂടിയാണ് വിഷയത്തിലെ പരാതിക്കാരിയായ ശ്രീനാ ദേവി കുഞ്ഞമ്മ. എ പി ജയന്റെ അടൂരിലെ ഫാമിനെക്കുറിച്ചാമ് ഇവര്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. അനധികൃതമായി സര്‍ക്കാര്‍ പണം കൈപ്പറ്റി പഞ്ചായത്തിനെ ദുരുപയോഗം ചെയ്ത് കൊണ്ടാണ് ഫാം പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇക്കാര്യം അന്വേഷിക്കാന്‍ സിപിഐ സംസ്ഥാന കമ്മിറ്റി ഒരു അന്വേഷണ കമ്മിഷനേയും നിയമിച്ചിരുന്നു. ആരോപണങ്ങള്‍ കൃത്യമാണെന്ന് അന്വേഷണ കമ്മിഷന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എ പി ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരിക്കുന്നത്.എ പി ജയനെതിരെ നടപടിയുണ്ടാകുമെന്ന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും നടപടിയെടുക്കുന്നതിന് കാലതാമസം നേരിടുകയായിരുന്നു. എ പി ജയന്റെ വിശദീകരണം കൂടി തേടിയ ശേഷമാണ് നടപടി സ്വീകരിച്ചത്. എന്നാല്‍ ഫാമുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി കാണിക്കാന്‍ സാധിക്കാതിരുന്ന ജയന്‍ താന്‍ വിദേശത്താണെന്ന് പറഞ്ഞ് ഒഴിയുകയാണ് ചെയ്തത്. കൃത്യമായി മറുപടി നല്‍കാനുള്ള സമയപരിധി അവസാനിച്ച ശേഷമാണ് ഇപ്പോള്‍ എ പി ജയനെ നീക്കിയിരിക്കുന്നത്.

أحدث أقدم