പ്രശസ്ത എഴുത്തുകാരി പി വത്സല അന്തരിച്ചു



കോഴിക്കോട് : വയനാടൻ കാടിന്റെ മക്കളുടെ ജീവിതം രചനയിൽ ആവാഹിച്ച പ്രശസ്ത എഴുത്തുകാരി പി വത്സല (85) ഇന്നലെ അന്തരിച്ചു. 

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ മുക്കം കെഎംസിടി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചൊവ്വാഴ്‌ച രാത്രി 10.30നായിരുന്നു അന്ത്യം. മകൾ ഹോമിയോ ഡോക്ടർ മിനിയുടെ മുക്കത്തെ വീട്ടിലായിരുന്നു താമസം. മകൻ ഡോ. അരുൺ മാറോളി ന്യൂയോർക്കിൽ നിന്ന് എത്തിയശേഷമായിരിക്കും സംസ്കാരം.

 അധ്യാപകനും സഹപ്രവർത്തകനുമായിരുന്ന എം.അപ്പുക്കുട്ടിയാണു ഭർത്താവ്. മക്കൾ: അരുൺ മാറോളി (സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ, യുഎസ്എ), ഡോ.എം.എ.മിനി. മരുമക്കൾ: കസ്തൂരി നമ്പ്യാർ, ഡോ. നിനാകുമാർ (മുൻ കോഴിക്കോട് ജില്ലാ വെറ്ററിനറി ഓഫിസർ).

കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷയാണ് വത്സല . നോവലിനും സമഗ്രസംഭാവനയ്ക്കുമുള്ള അക്കാദമി അവാർഡുകളും കേരള സാഹിത്യ അക്കാദമിയുടെ അക്കാദമിയുടെ വിശിഷ്ടാംഗത്വവും നേടിയിട്ടുണ്ട് .

 ‘നിഴലുറങ്ങുന്ന വഴികൾ’ എന്ന നോവലിന് 1975ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2007ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡും 2019ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു. മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

1939 ഓഗസ്റ്റ് 28ന് കോഴിക്കോട് വെള്ളിമാടുകുന്നിൽ ജനിച്ചു. ഹൈസ്കൂൾ പഠനകാലത്ത് തന്നെ കഥയും കവിതയും എഴുതിത്തുടങ്ങി. 1993ൽ കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ് കോളജ് പ്രധാനാധ്യാപികയായിട്ടാണ് വിരമിച്ചത്.

വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുൻനിർത്തി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണു ശ്രദ്ധേയയായത്. ‘തകർച്ച’ ആണ് ആദ്യ നോവൽ. ആഗ്നേയം, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, കനൽ, പാളയം, കൂമൻകൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമൻ, ചാവേർ, റോസ്മേരിയുടെ ആകാശങ്ങൾ, വിലാപം, ആദിജലം, മേൽപ്പാലം, ഗായത്രി എന്നിവ നോവലുകളാണ്. 

നെല്ല് ഹിന്ദിയിലേക്കും ആഗ്നേയം ഇംഗ്ലിഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
Previous Post Next Post