അയ്യന് വത്യസ്തമായൊരു കാണിക്ക സമര്‍പ്പിച്ച് വേലായി സ്വാമി; കാനന പാത താണ്ടി ജമ്നാപ്യാരിയുമായെത്തി ഭക്തന്‍

 


പത്തനംതിട്ട: വത്യസ്തമായൊരു കാണിക്ക അയ്യപ്പന് സമർപ്പിച്ച് ഭക്തൻ. വൈവിധ്യമായ വഴിപാടുകളും മല ചവിട്ടലുമായാണ് രാജ്യത്തിന്‍റെ നാനാ പ്രദേശങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ ശബരിമലയിലേക്ക് വരുന്നത്. കാശ്മീരിൽനിന്ന് കാൽനടയായും സൈക്കിളിലും വന്നവരും കഴിഞ്ഞ വർഷം ദർശനം നടത്തി. കുതിര വണ്ടിയിലും ഭക്തർ പമ്പയിൽ എത്തിയശേഷം മല ചവിട്ടിയവരുമുണ്ട്. കഴിഞ്ഞ ദിവസം പമ്പയിൽനിന്ന് സന്നിധാനം വരെ ശയന പ്രദക്ഷിണം നടത്തിയാണ് ഭക്തൻ അയ്യപ്പനെ കണ്ടത്. ഗോക്കളെ തിരുനടയിൽ സമർപ്പിക്കുന്നവർ ധാരാളമാണ്.18 വർഷം ദർശനം പൂർത്തിയാക്കുമ്പോൾ തെങ്ങിൻ തൈ വയ്ക്കുന്ന രീതി ഉണ്ടായിരുന്നു. ഇപ്പോൾ നിരവധി പേരാണ് തെങ്ങുമായി എത്തുന്നത്. ഭസ്മ കുളത്തിന് സമീപമാണ് തൈ നടാനായി ദേവസം ബോർഡ് അനുവാദം നൽകുന്നത്. എന്നാൽ, ഇതിൽ നിന്നെല്ലാം വത്യസ്തമായിരുന്നു കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ നിന്നുള്ള ഭക്തന്‍റെ സമർപ്പണം.വ്യത്യസ്‍തമായൊരു കാണിക്കയാണ് മണ്ഡലകാലാരംഭത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയത്. കൊടുങ്ങല്ലൂരില്‍നിന്ന് വന്ന വേലായി സ്വാമിയാണ് അയ്യപ്പന് കാണിക്കയായി ജമ്നാപ്യാരി ഇനത്തിൽപ്പെട്ട ആടിനെ നൽകിയത്. കാനന പാത താണ്ടി ആടുമായെത്തിയ വേലായി സ്വാമി എല്ലാവർക്കും കൗതുകം പകർന്നു. പതിനെട്ടാം പടിക്ക് താഴെ ആടിനെ കെട്ടിയശേഷം അയ്യപ്പദർശനത്തിന് സ്വാമി പോയി വരുന്നതുവരെ പോലീസിന്‍റെ സുരക്ഷയിലായിരുന്നു ഈ അപൂർവ കാണിക്ക. അയ്യപ്പന് കാണിക്കയായി സമർപ്പിച്ച ആടിനെ പിന്നീട് ഗോ ശാലയിൽനിന്ന് ചുമതലക്കാരെത്തി കൂട്ടികൊണ്ടുപോയി. സ്വർണവും വെള്ളിയും നാണയവുമടക്കം ദിവസേനെ സമർപ്പിക്കുന്ന കാണിക്കകളിൽനിന്ന് വത്യസ്തമായിരുന്നു ജമ്നാപ്യാരി.


Previous Post Next Post