കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം ഒറ്റപ്പെട്ടതല്ല; ഏറെ ഗൗരവതരമെന്ന് ഗവര്‍ണര്‍; സര്‍ക്കാരിന് രൂക്ഷവിമര്‍ശനം



കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തിരുവല്ലയിലെ മെഡിക്കല്‍ മിഷന്‍ ആശുപത്രി സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആശുപത്രിയിലെത്തിയ ഗവര്‍ണര്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിന് അന്തിമോപചാരം അര്‍പ്പിച്ചു. കര്‍ഷക ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. വിഷയത്തെ ഏറെ ഗൗരവത്തോടെ കാണുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു. സാമ്പത്തിക ഞെരുക്കമാണെങ്കിലും ആഘോഷത്തിന് ഒരു കുറവുമില്ല. കര്‍ഷകും പെന്‍ഷന്‍ വാങ്ങുന്നവരും നേരിടുന്നത് കടുത്ത പ്രതിസന്ധിയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി.

കുട്ടനാട്ടില്‍ നെല്‍ കര്‍ഷകന്‍ ആത്മഹത്യ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേന്ദ്രം നല്‍കുന്ന തുക സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നു.

കര്‍ഷക ആത്മഹത്യയുടെ കാരണക്കാര്‍ സര്‍ക്കാരെന്നും കേന്ദ്രം നല്‍കുന്ന തുക സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നുവെന്നും ആരോപിച്ച് സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ സര്‍ക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണ്. സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നും എന്നാല്‍ ധൂത്ത് നടത്താന്‍ പണമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതേസമയം കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ പ്രതികരിച്ച് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ് രംഗത്തെത്തി. കൃഷി ചെയ്യുന്ന കര്‍ഷകനുള്ള വില കേരളത്തില്‍ നശിച്ചു. കര്‍ഷകന് ഒരു വിലപോലും ഇല്ല. കേരളത്തില്‍ നെല്ല് കൃഷി ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല, തമിഴ് നാട്ടില്‍ കൃഷി ചെയ്യുന്നുണ്ടെങ്കില്‍ നമുക്ക് ഇവിടെ അരി കിട്ടുമെന്നാണ് കൃഷിമന്ത്രി പറയുന്നതെന്നും കൃഷ്ണ പ്രസാദ് വിമര്‍ശിച്ചു.

Previous Post Next Post