നാളെ അടിയന്തര ഒഐസി ഉച്ചകോടി; ഏഴ് വര്‍ഷത്തിന് ശേഷം ഇറാന്‍ പ്രസിഡന്റ് ഇന്ന് സൗദിയിലെത്തും

 


റിയാദ്: പലസ്തീന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ (ഒഐസി) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ഇന്ന് സൗദിയിലെത്തും. ഇന്ന് അടിയന്തര അറബ് ഉച്ചകോടിയും നാളെ ഒഐസിയുടെ അസാധാരണ ഉച്ചകോടിയുമാണ് നിശ്ചയിച്ചിരിക്കുന്നത്.ഇബ്രാഹിം റൈസി ഇന്ന് റിയാദിലേക്ക് തിരിക്കുമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി (ഐആര്‍എന്‍എ) റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റിന്റെ വരവിന് മുന്നോടിയായി ഇറാന്‍ ഉന്നത സംഘം റിയാദിലെത്തിയതായി റിയാദിലെ ഇറാന്‍ സ്ഥാനപതി അലി റെസ ഇനായത്തി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.ഏഴ് വര്‍ഷത്തോളം നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചിരുന്ന സൗദിയും ഇറാനും കഴിഞ്ഞ മാര്‍ച്ചിലാണ് അനുരഞ്ജനത്തിലെത്തിയത്. ചൈനയുടെ മധ്യസ്ഥ നീക്കങ്ങള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും അംബാസഡര്‍മാരെ പുനര്‍നിയമിക്കുകയും വിദേശകാര്യ മന്ത്രിമാര്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.


ഹമാസിനെയും ലെബനാനിലെ ഹിസ്ബുള്ളയെയും യെമനിലെ ഹൂത്തി വിമതരെയും പിന്തുണയ്ക്കുന്ന ഇറാന്റെ നിലപാടുകള്‍ പലസ്തീന്‍ വിഷയത്തില്‍ നിര്‍ണായകമാണ്. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷമാണ് ഉച്ചകോടിയുടെ മുഖ്യ അജണ്ട.ഗാസ പ്രതിസന്ധിയെക്കുറിച്ച് ഒഐസി ഉച്ചകോടിയില്‍ പുറത്തിറക്കുന്ന രേഖ വിലയിരുത്താനാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം വിദഗ്ധ സംഘത്തെ സൗദി അറേബ്യയിലേക്ക് അയച്ചത്. ഇറാന്‍ സംഘം റിയാദിലെത്തിയെന്നും ഒഐസിയുടെ അസാധാരണ യോഗത്തിന്റെ രേഖ ഉദ്യോഗസ്ഥര്‍ വിലയിരുത്തുമെന്നും സൗദിയിലെ ഇറാന്‍ സ്ഥാനപതി ട്വീറ്റ് ചെയ്തു.അംഗരാജ്യങ്ങളില്‍ നിന്ന് ഉയര്‍ന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ അസാധാരണ സമ്മേളനം വിളിച്ചുചേര്‍ത്തത്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രത്യാക്രമണം ആരംഭിച്ച് 11 ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 18ന് ഒഐസി ഗാസയില്‍ മന്ത്രിതല യോഗം ചേര്‍ന്നിരുന്നു.രണ്ടു ദിവസം മുമ്പ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഗാസ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. വ്യാഴാഴ്ച ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റില്‍ നടന്ന 16ാമത് സാമ്പത്തിക സഹകരണ (ഇസിഒ) ഉച്ചകോടിക്കിടെ ആയിരുന്നു കൂടിക്കാഴ്ച. സൗദിയില്‍ നടക്കുന്ന ഉച്ചകോടികള്‍ക്ക് മുമ്പുള്ള റെയ്‌സി-ഉര്‍ദുഗാന്‍ ചര്‍ച്ചകള്‍ക്ക് പലസ്തീന്‍ വിഷയം കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയ പ്രധാന്യമുണ്ട്. ഗാസ പ്രതിസന്ധി പരിഹരിക്കാന്‍ ഫലപ്രദവും പ്രായോഗികവുമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്ന് ഇരുവരും വ്യക്തമാക്കി. ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഈ ആഴ്ച ആദ്യം, ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ഗാസ മുനമ്പിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് കൂട്ടായ്മയുടെ ഭാഗമായ രാജ്യങ്ങള്‍. റിയാദില്‍ ഇന്നും നാളെയും നടക്കുന്ന ഉച്ചകോടികളുടെ പശ്ചാത്തലത്തില്‍ അറബ്, ആഫ്രിക്ക ഉച്ചകോടി മാറ്റിവച്ചിരുന്നു. ഹമാസ് പിടികൂടിയവരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേലും ഹമാസും തമ്മില്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
Previous Post Next Post