400 വൈദികരുടെ ജനാഭിമുഖ കുര്‍ബാന; നടത്തിയത് വത്തിക്കാനിൽ നിന്നുള്ള കർശന നിർദേശം നിലനിൽക്കെ

 


കൊച്ചി: വത്തിക്കാനിൽ നിന്നുള്ള കർശന നിർദേശം നിലനിൽക്കെ എറണാകുളം - അങ്കമാലി അതിരൂപതയിൽ പരസ്യമായി ജനാഭിമുഖ കുർബാന നടത്തി വിമത വിഭാഗം. അതിരൂപത ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി 400 വൈദികരാണ് സമൂഹ ദിവ്യബലിയിൽ പങ്കെടുത്തത്. 400 വൈദികർ പങ്കെടുത്ത പൂർണ്ണ ജനാഭിമുഖ കുർബാന തൃക്കാക്കര ഭാരത്‌ മാതാ കോളേജ് ഗ്രൗണ്ടിലാണ് നടന്നത്.സീറോ മലബാര്‍ സഭയില്‍ ഹയരാര്‍ക്കി സ്ഥാപിച്ചതിന്‍റെയും എറണാകുളം വികാരിയാത്തിനേയും അതിന്‍റെ ആസ്ഥാന അതിരൂപതയായി ഉയര്‍ത്തിയതിന്‍റെയും ശതാബ്ദി സമാപന വേളയിലാണ് സഭാ വിശ്വാസികൾ ചേർന്ന് ജനാഭിമുഖ കുർബാന അർപ്പിച്ചത്. ഫാദർ ജോസ് എടശ്ശേരി വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. ക്രിസ്തുമസിന് മുൻപ് എല്ലാ പള്ളികളിലും ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന മാർപാപ്പയുടെ നിർദേശം നിലനിൽക്കെയാണ് ഇന്ന് എറണാകുളം - അങ്കമാലി അതിരൂപതയിലെ ആയിരത്തോളം വിശ്വാസികൾ ചേർന്ന് ജനാഭിമുഖ കുർബാന നടത്തിയത്.അതേസമയം, ഏകീകൃത കുര്‍ബായെ എതിര്‍ക്കുന്ന വൈദികരെ സസ്‌പെന്‍ഡ് ചെയ്യുമെന്നും എതിര്‍ക്കുന്ന ഇടവകകള്‍ മരവിപ്പിക്കുമെന്നും മരവിപ്പിച്ച ഇടവകകള്‍ക്ക് കത്തോലിക്ക സഭയില്‍ അംഗത്വം ഉണ്ടാവില്ലെന്നുമാണ് വത്തിക്കാനിൽനിന്ന് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരിന് ലഭിച്ചിരിക്കുന്ന നിർദേശം. അതേസമയം, സിറോ മലബാർ സഭയുടെ പുതിയ അധ്യക്ഷനെ ജനുവരിയിൽ ചേരുന്ന സിനഡ് യോഗം തെരഞ്ഞെടുക്കും.

Previous Post Next Post