വയനാട് വാകേരി കൂടല്ലൂരിലെ ആളെ കൊല്ലി കടുവയെ കൊല്ലാൻ അനുമതി. കടുവ നരഭോജിയെങ്കിൽ കൊല്ലാന്‍ അനുമതി നല്‍കികൊണ്ട് ഉത്തരവിറങ്ങി. വനം മന്ത്രി എ.കെ ശശീന്ദ്രനാണ് ഇതുസംബന്ധിച്ച നിർദേശം നല്‍കിയത്. ആദ്യം കടുവയെ മയക്കുവെടി വെച്ച് കൂട്ടിൽ കയറ്റാൻ ശ്രമം നടത്തും. പരാജയപ്പെട്ടാൽ വെടിവെച്ച് കൊല്ലാനാണ് നിർദേശം. ഉത്തരവിനെ തുടർന്ന് ഐ.സി ബാലകൃഷ്ണന്‍ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു.ഇന്നലെയാണ് കൂടല്ലൂരില്‍ വയലില്‍ പശുവിന് പുല്ലരിയാന്‍ പോയ കര്‍ഷകന്‍ പ്രജീഷിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. ശരീരഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കടുവയെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവെത്തുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടാണ് ബന്ധുക്കളും നാട്ടുകാരും സ്വീകരിച്ചിരുന്നത്.വയനാട്ടിൽ കർഷകരെ സംരക്ഷിക്കുന്ന തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ… നിയമത്തിന്റെ പഴുതുപയോഗിച്ച് ഉചിതമായ തീരുമാനമെടുക്കാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.