ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; വിഷം ഉള്ളിൽ ചെന്നെന്ന് സംശയം 

 ആലപ്പുഴ : പൂങ്കാവിൽ താറാവുകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. പൂങ്കാവ് തോട്ടത്തിൽ ജോബിൻ ജോസഫിന്റെ വീട്ടിലെ 57 താറാവുകളാണ് ചത്തത്. 

ഇന്നലെ വൈകിട്ട് മുതലാണ് ജോബിൻ ജോസഫിൻ്റെ താറാവുകൾ ചത്തു തുടങ്ങിയത്. ആദ്യം രണ്ട് താറാവുകൾ മയങ്ങി വീഴുകയായിരുന്നു. പിന്നാലെ ഇവ ചത്തു. തുടർന്ന് കൂടുതൽ താറാവുകൾ സമാന രീതിയിൽ ചാവുകയായിരുന്നു.

 65 താറാവുകളിൽ 8 എണ്ണം മാത്രമാണ് ഇനി അവശേഷിക്കുന്നത്. താറാവുകൾ വിഷം ഉള്ളിൽ ചെന്നാണ് ചത്തതെന്നാണ് സംശയം. സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവല്ല മഞ്ഞാടിയിലെ മൃഗസംരക്ഷണ വകുപ്പ് ലാബിലേക്ക് അയച്ചു.

ഒരു വർഷം മുമ്പ് ഹാച്ചറിയിൽ നിന്ന് വാങ്ങിയ താറാവുകൾ മുട്ടയിട്ടു തുടങ്ങിയപ്പോൾ മുതൽ ചില അയൽവാസികൾ എതിർപ്പുമായി വന്നിരുന്നതായി ജോബി പറയുന്നു. 

ഇവരുടെ പരാതിയിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം അന്വേഷിച്ചെങ്കിലും വൃത്തിഹീനമായ സാഹചര്യം ഇല്ലാത്തതിനാൽ ജോബിക്ക് താറാവ് വളർത്താൻ അനുമതിയും നൽകിയിരുന്നു. താറാവിന് പനിയോ ആരോഗ്യ പ്രശ്നങ്ങളോ ഒന്നുമില്ലായിരുന്നതായും അതുകൊണ്ട് വിഷമുള്ളിൽ ചെന്നതാണ് താറാവുകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നുമാണ് സംശയിക്കുന്നതെന്ന് ജോബി പറഞ്ഞു.

 മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ചത്ത താറാവുകളുടെ സാമ്പിളുകൾ മാഞ്ഞാടിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ ജോബിൻ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകി.
Previous Post Next Post