ചെങ്ങന്നൂരിൽ റെയിൽവേ ഗേറ്റ് കീപ്പറെ മര്‍ദ്ദിച്ച മൂന്ന് പേര്‍ പിടിയില്‍.ചെങ്ങന്നൂർ: റെയിൽവേ ഗേറ്റ് കീപ്പറെ മര്‍ദ്ദിച്ച മൂന്ന് പേര്‍ പിടിയില്‍. ചെങ്ങന്നൂർ മഠത്തുംപടിയിലെ റെയിൽവേ ഗേറ്റ് കീപ്പറായ കൊല്ലം തൃക്കടവൂർ അരുണാലയം വീട്ടിൽ അഖിൽ രാജിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിലാണ് മൂന്ന് പ്രതികൾ പിടിയിലായത്. ചെങ്ങന്നൂർ ഹാച്ചറി ജംഗ്ഷൻ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കവിയൂർ മുറിയിൽ സിനോ (21), ഓതറ മുറിയിൽ ചെറുകുല്ലത്ത് വീട്ടിൽ അക്ഷയ് (23), മാന്നാർ കുട്ടൻപേരൂർ മുറിയിൽ മംഗലത്തെ കാട്ടിൽ തെക്കതിൽ വീട്ടിൽ അഭിജിത് (19) എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ പുലർച്ചെ 3.47ന് ചെങ്ങന്നൂർ മഠത്തുംപടി റെയിൽവേ ഗേറ്റിലെത്തിയ പ്രതികൾ കേരള എക്സ്പ്രസ് കടന്നു പോകുന്നതിനായി ഗേറ്റ് അടച്ചിട്ടത് കണ്ട് ഗേറ്റ് തുറന്ന് കൊടുക്കണമെന്ന് പറഞ്ഞു. ട്രെയിന്‍ പോകാന്‍ സമയമായതിനാലാണ് ഗേറ്റ് അടച്ചതെന്ന ഗേറ്റ് കീപ്പറുടെ മറുപടിയിൽ ഇവർ ക്ഷുഭിതരാവുകയായിരുന്നു. തുടർന്നാണ് സംഘം അസഭ്യം വിളിച്ച് അഖിൽരാജിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് നിലത്ത് കൂടി വലിച്ചിഴച്ച് മർദ്ദിച്ചത്. ഇതേസമയം ഇവിടെ നിർത്തിയ മറ്റ് വാഹനങ്ങളിൽ നിന്നുള്ളവർ എത്തിയതോടെ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയ പ്രതികളെ ചെങ്ങന്നൂർ ഡി.വൈ.എസ്.പി ബിനു കുമാറിന്റെ നിർദ്ദേശാനുസരണം അറസ്റ്റ് ചെയ്യുകയായിരുന്നു.
Previous Post Next Post