നവകേരള സദസിന്റെ പേരിൽ നൂറ്റാണ്ട് പഴക്കമുള്ള അരയാൽ മുറിക്കാൻ ശ്രമം
നെടുമങ്ങാട് : നവകേരള സദസ്സിന്റെ പേരിൽ നൂറ്റാണ്ട് പഴക്കമുള്ള അരയാൽ മുറിക്കാനും ശ്രമം. നെടുമങ്ങാട് കച്ചേരിനടയിലെ അരയാൽ മുറിച്ചുമാറ്റാനാണ് ശ്രമം നടന്നത്. കോൺഗ്രസും ബി.ജെ.പിയും ഉപരോധ സമരം നടത്തിയതോടെയാണ് അധികൃതർ അരയാൽ മുറിക്കാനുള്ള ശ്രമം ഉപേക്ഷിച്ചത്. നവകേരള ബസിന് സു​ഗമമായി കടന്നുപോകാൻ എന്നു പറഞ്ഞാണ് നൂറ്റാണ്ട് പഴക്കമുള്ള ആൽമരം മുറിച്ചുമാറ്റാൻ ശ്രമം നടന്നത്.
ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെ രഹസ്യമായി മരം മുറിച്ചുമാറ്റാനായിരുന്നു നീക്കം. ഇതോടെ കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധവുമായി രം​ഗത്തെത്തി.പക്ഷേ, ഇതിനിടെ മരംമുറിക്കാൻ ചുമതലപ്പെടുത്തിയവർ ആൽമരത്തിന്റെ കൂറ്റൻ കൊമ്പുകൾ മുറിച്ചുതള്ളിയിരുന്നു. മരം മുറിക്കുന്നതറിഞ്ഞെത്തിയ കോൺഗ്രസ്-ബി.ജെ.പി. പ്രവർത്തകർ രാവിലെതന്നെ തെങ്കാശിപ്പാത ഉപരോധിച്ചു. ഏറെസമയം ഗതാഗതം തടസ്സപ്പെട്ടു. തഹസിൽദാർ, ആർ.ഡി.ഒ., നെടുമങ്ങാട് സി.ഐ. എന്നിവർ സമരക്കാരുമായി ചർച്ചനടത്തി. ആൽമരം മുറിച്ചുമാറ്റില്ല എന്ന തഹസിൽദാരുടെ ഉറപ്പിന്മേൽ ഇരുകക്ഷികളും സമരം അവസാനിപ്പിച്ചു.

പി .ഡബ്ല്യു.ഡി ഉദ്യോഗസ്ഥരാണ് ആൽമരം മുറിക്കാൻ നിർദേശം നൽകിയത്. എന്നാൽ, മരം മുറിച്ചുമാറ്റാൻ നിർദേശം നൽകിയിട്ടില്ലെന്ന് സംഘാടകസമിതി ചെയർമാൻ ആർ.ജയദേവൻ, നെടുമങ്ങാട് തഹസിൽദാർ അനിൽകുമാർ എന്നിവർ അറിയിച്ചു.
Previous Post Next Post