പുതുവർഷ പുലരിയിൽ ആദ്യ യാത്ര; കോയമ്പത്തൂർ - ബെംഗളൂരു വന്ദേ ഭാരത് നാളെ മുതൽ, രണ്ട് ദിവസത്തെ ടിക്കറ്റുകൾ വിറ്റുപോയി

 


ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത കോയമ്പത്തൂർ - ബെംഗളൂരു വന്ദേ ഭാരതിന്‍റെ യാത്രക്കാരുമായുള്ള ആദ്യ സർവീസ് നാളെ. പുതുവർഷ പുലരിയിലാണ് വന്ദേ ഭാരത് യാത്ര തുടങ്ങുക. രാവിലെ അഞ്ച് മണിയ്ക്ക് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന സെമി ഹൈസ്പീഡ് ട്രെയിൻ 11:30നാണ് ബെംഗളൂരുവിലെത്തുക. ട്രെയിനിന്‍റെ ആദ്യ രണ്ട് ദിവസത്തെ സർവീസിന്‍റെ ടിക്കറ്റുകളെല്ലാം ഇതിനോടകം ബുക്കിങ്ങായിട്ടുണ്ട്. മറ്റുദിവസങ്ങളിലെ ടിക്കറ്റ് ബുക്കിങ്ങിനും മികച്ച പ്രതികരണമാണുള്ളത്.20642/20643 വ്യാഴാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. ഇന്നലെ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റേഷൻ വരെ പ്രത്യേക അതിഥികളുമായി ട്രെയിൻ ഫ്ലാഗ് ഓഫ് നടത്തുകയും ചെയ്തു. 403 കിലോമീറ്റർ ദൂരം ആറര മണിക്കൂർകൊണ്ട് താണ്ടുന്ന രീതിയിലാണ് ട്രെയിൻ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.ബെംഗളൂരുവിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള മടക്കായാത്ര ഉച്ചയ്ക്ക് 1:40ന് ബെംഗളൂരുവിൽനിന്ന് ആരംഭിച്ച് രാത്രി എട്ട് മണിയ്ക്ക് കോയമ്പത്തൂരിലെത്തിച്ചേരും. പുതിയ വന്ദേ ഭാരതിന്‍റെ ശരാശരി വേഗത മണിക്കൂറിൽ 60 കിലോമീറ്ററാണ്. നിലവിൽ ഈ റൂട്ടിലെ വേഗമേറിയ ട്രെയിനിന്‍റെ ആവറേജ് സ്പീഡ് 58.5 കി.മീയാണ്. അതേസമയം ട്രെയിനിന്‍റെ വേഗത ഉയർത്തണമെന്നും ആറുമണിക്കൂറിനുള്ളിൽ ബെംഗളൂരുവിലെത്തുന്ന രീതിയിൽ ക്രമീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.ട്രെയിനിന്‍റെ ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ആദ്യ യാത്രയുടെ ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. രണ്ടാം ദിവസത്തെ ടിക്കറ്റ് നിലവിൽ പൂർത്തിയായിട്ടുണ്ട്. ചെയർകാറും, ഇക്കണോമി ക്ലാസ് ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ചെയർ കാറിന് 1930 രൂപയും ഇക്കോണമി ക്ലാസിന് 2410 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദ്യാർഥികൾക്കും വ്യവസായികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ട്രെയിൻ സർവീസാണ് കോയമ്പത്തൂർ - ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കുന്നത്.

Previous Post Next Post