യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മാന്തുരുത്തി പന്ത്രണ്ടാം മൈൽ സ്വദേശി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. പൊന്‍കുന്നം : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം, മാന്തുരുത്തി പന്ത്രണ്ടാം മൈൽ ഭാഗത്ത് അറവനാട്ട് പുത്തൻപുരയിൽ വീട്ടിൽ മെൽബിൻ രാജ് (42), ഇടക്കുന്നം വാരിക്കാട്ട് കവല ഭാഗത്ത് കാഞ്ഞിരത്താംകുന്നേല്‍ വീട്ടിൽ അരുൺ തോമസ് (38), വാഴൂർ പത്തൊമ്പതാം മൈൽ, തണ്ണിമല വീട്ടിൽ സുഭാഷ് കുമാർ കെ (46) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് ചിറക്കടവ് മണ്ണാറക്കയം സ്വദേശിയായ യുവാവിനെ ഇന്നലെ വൈകിട്ട് 6 മണിയോടുകൂടി ബാറിനുള്ളിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പൊന്‍കുന്നം മിടാസ് ബാറിലെ ജീവനക്കാരായ ഇവരുമായി ബില്ല് സംബന്ധിച്ച് യുവാവ് ബാരിനുള്ളില്‍ വെച്ച് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് ഇവർ യുവാവിനെ ചീത്ത വിളിക്കുകയും സംഘം ചേർന്ന് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ പ്രവേശിപ്പിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇവരെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീപ് റ്റി, എസ്.ഐ അജി പി ഏലിയാസ്, എ.എസ്.ഐ മാരായ അജിത് കുമാർ, ബിജു പി.എം, സി.പി.ഓ മാരായ ഷാജി ജോസഫ്, ഷാജി ചാക്കോ, വിനീത് ആർ നായർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post