ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സമിതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; കേരളത്തിലെ സമിതിയില്‍ കെ സുധാകരന്‍ അധ്യക്ഷന്‍



ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്. കേരളം,രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കം 9 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമിതി എഐസിസി പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചെയര്‍മാനായ സമിതിയെയാണ് കേരളത്തില്‍ പ്രഖ്യാപിച്ചത്.വി ഡി സതീശന്‍, എ കെ ആന്റണി, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല ശശി തരൂര്‍ , വി എം സുധീരന്‍ തുടങ്ങിയവരും സമിതി അംഗങ്ങള്‍ .സമിതിയില്‍ 10 എംപിമാരും ഉള്‍പ്പെടുന്നു.യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു അധ്യക്ഷന്മാര്‍ അടക്കം 4 എക്‌സ് ഓഫീഷ്യോ അംഗങ്ങളെ കൂടി ചേര്‍ത്ത് 37 പേരടങ്ങുന്നതാണ് സമിതി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 255 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നതെന്നാണ് വിവരം. നിലപാട് സഖ്യകക്ഷികളെ അറിയിക്കും. ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നത്.ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജനത്തില്‍ കടുംപിടുത്തം വേണ്ട എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം. 2019 ല്‍ 421 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 255 സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാണ് നീക്കം.മറ്റിടങ്ങളില്‍ ബിജെപി വിരുദ്ധ ചേരിക്ക് ശക്തിപകരണമെന്നാണ് ഡല്‍ഹിയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയാണ് സീറ്റ് വിഭജനത്തില്‍ വഴങ്ങാന്‍ കോണ്‍ഗ്രസ് തയാറായത്.സഖ്യ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് രൂപീകരിച്ച നാഷണല്‍ അലയന്‍സ് കമ്മിറ്റി ഇന്ത്യാസഖ്യത്തില്‍ നിലപാട് അറിയിക്കും.

Previous Post Next Post