അജിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ; ഭാര്യയ്ക്ക് ജോലി, പ്രതിഷേധം അവസാനിപ്പിച്ചു


വയനാട് : മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകും. കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. 

ശാന്തവും പക്വവുമായ സാഹചര്യത്തിൽ വയനാട്ടിൽ പോയി ചർച്ചകൾ നടത്താൻ ഒരുക്കമാണെന്നും നിലവിൽ വയനാട്ടിലേക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

 പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് പയ്യമ്പള്ളി പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പടമല പനച്ചി സ്വദേശി അജി കൊല്ലപ്പെട്ടത്.

 സമീപത്തെ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ അജിയെ ഗേറ്റ് തകര്‍ത്തെത്തിയ കാട്ടാന പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു.
Previous Post Next Post