പെൻസിൽ പാക്കിംഗ് ജോലി; തട്ടിപ്പിൽ വീഴരുതെന്ന് കേരള പോലീസ്


തിരുവനന്തപുരം: പ്രമുഖ പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളിൽ വരുന്ന പരസ്യം തട്ടിപ്പാണെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.
ഇത്തരം ജോലി വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ വിളിക്കേണ്ട മൊബൈൽ നമ്പർ വരെ നൽകിയതാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്പറുകൾ ആണ് കോൺടാക്റ്റ് നമ്പറായി നൽകിയിരിക്കുന്നത്. ഉയർന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുന്നവരോട് ഗൂഗിൾ പേ വഴിയോ ഫോൺപേ വഴിയോ രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടും.


അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടെതെന്ന രീതിയിൽ വ്യാജ തിരിച്ചറിയൽ കാർഡ് അയച്ചുകൊടുക്കും. മേൽവിലാസം വെരിഫൈ ചെയ്യാനും കൊറിയർ ചാർജ്ജായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. നടരാജ് പെൻസിലിൻ്റെ പേരിൽ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ് എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930-ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടാനുള്ള സാധ്യത കൂടുതലാണ്.www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.


Previous Post Next Post