വിവേക് എക്സ്പ്രസിലെ എസ്1 കോച്ചിലിരുന്ന യുവാവിനെ സംശയം, കൈയിൽ ജനറൽ ടിക്കറ്റ്; ബാഗ് കൂടി പരിശോധിച്ചതോടെ കഥ മാറി



 പാലക്കാട്: ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്സിൽ അരക്കോടി വില മതിക്കുന്ന  ഹാഷിഷ് ഓയിലുമായി തൃശ്ശൂർ സ്വദേശി പിടിയിലായി.  പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും തൃശ്ശൂർ  ആർപിഎഫും തൃശൂർ എക്സൈസ് റേഞ്ചും സംയുക്തമായ നടത്തിയ പരിശോധനയിലാണ് അരക്കോടി രൂപ വില വരുന്ന 500 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശ്ശൂർ കുണ്ടന്നൂർ വടക്കുംമുറി സ്വദേശി മുഹമ്മദ് റഫീഖ്.വി.എം അറസ്റ്റിലായത്.  

വിശാഖപട്ടണത്തു നിന്നും ആലുവയ്ക്ക്  ജനറൽ ടിക്കറ്റ്റ്റുമായി എസ്-1 കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് റഫീക്കില്‍ സംശയം തോന്നിയ സംയുക്ത പരിശോധനാ സംഘം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി റഫീക്കിന്റെ ഷോൾഡർ ബാഗ് പരിശോധിക്കുകയായിരുന്നു. ഇതിലാണ് അരക്കിലൊ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആർപിഎഫ് പാലക്കാട് ക്രൈം ഇന്റലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ എ.പി.അജിത് അശോക്, തൃശൂർ ആർപിഎഫ് സബ് ഇൻസ്പെക്ടർ വി.പി.ഇൻതീഷ്, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജിത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തൃശൂർ ആർപിഎഫ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ എം.എസ്.പ്രദീപ്കുമാർ, പാലക്കാട് ആർ പി എഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഹെഡ്കോൺസ്റ്റബിൾ എൻംഅശോക്, തൃശ്ശൂർ ആർപിഎഫ്  ഹെഡ് കോൺസ്റ്റബിൾ അജീഷ്.കെ.കൃഷ്ണൻ കോൺസ്റ്റബിൾ കെ.മധുസൂദനൻ എന്നിവരാണുണ്ടായിരുന്നത്.

Previous Post Next Post