കുമരകത്ത് വോൾട്ടേജ് ക്ഷാമം രൂക്ഷം നട്ടം തിരിഞ്ഞ് നാട്ടുകാർ





കുമരകം: വൈദ്യുതി വോൾട്ടേജ് കുറയുന്നതുമൂലം ദുരിതം അനുഭവിച്ച് കുമരകം നിവാസികൾ. കുമരകത്തെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ കുറേ മാസങ്ങളായി വോൾട്ടേജ് കുറയുന്നു എന്ന പരാതി നാട്ടുകാർ ആരോപിക്കുന്നു.വേനൽചൂട് കടുക്കുന്ന സാഹചര്യത്തിൽ പകൽ സമയത്തും വോൾട്ടേജ് ക്ഷാമം ജനങ്ങളെ ദുരിതത്തിലാക്കുന്നു. നവജാത ശിശുക്കളും കിടപ്പ് രോഗികളും ഉൾപ്പെടെ നിരവധി ആളുകളാണ് ദുരിതം അനുഭവിക്കുന്നത്. വോൾട്ടേജ് കുറയുന്നതുമൂലം ഫാനും മറ്റ് വൈദ്യുത ഉപകരണങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കാത്തതാണ് ഈ ദുരിതത്തിന് കാരണം. രാത്രികാലങ്ങളിൽ വൈദ്യുതി വിളക്കുകൾ പോലും വോൾട്ടേജ് കുറവായതിനാൽ മിന്നാമിനുങ്ങിൻ്റെ വെളിച്ചത്തിലാണ് പ്രകാശിക്കുന്നത് എന്നും നാട്ടുകാർ ആരോപിക്കുന്നു. ചൂളഭാഗം, പള്ളിച്ചിറ, കണ്ണാടിച്ചാൽ, ഇടവട്ടം, ബസാർ, അട്ടിപ്പീടിക, എമ്പാക്കൾ, എട്ടങ്ങാടി, മേലേക്കര, നാലുപങ്ക് , തുടങ്ങി കുമരകത്തെ വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകൾ വോൾട്ടേജ് കുറയുന്നു എന്ന് പരാതി ഉന്നയിക്കുന്നു. ഈ വിഷയത്തിൽ കുമരകം ബസാർ എംബാക്കൽ ഭാഗങ്ങളിലെ ജനങ്ങൾ പരാതി നൽകി പ്രക്ഷോഭവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ്. എത്രയും വേഗത്തിൽ ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


Previous Post Next Post