വിമാനം കൈവിട്ടെന്ന് മനസ്സിലായി, ധൈര്യം കൈവിടാതെയുള്ള നീക്കം, തകരുന്ന തേജസിൽ നിന്ന് പൈലറ്റിന്റെ രക്ഷപ്പെടൽ!



ദില്ലി: രാജസ്ഥാനിൽ അപകടത്തിൽപ്പെട്ട ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ് യുദ്ധവിമാനത്തിൽ നിന്ന് പൈലറ്റ് രക്ഷപ്പെട്ടത് അദ്ദേഹത്തിന്റെ അസമാന്യമായ മനോധൈര്യത്തിലൂടെ. വിമാനത്തിന്റെ നിയന്ത്രണം കൈവിട്ടതോടെ പൈലറ്റ് പാരച്യൂട്ട് പ്രവർത്തിപ്പിച്ച് സുരക്ഷിതനായി നിലത്തിറങ്ങി. വിമാനം ഇടിച്ചിറങ്ങുന്നതിന് സെക്കന്റുകൾക്ക് മുമ്പാണ് പൈലറ്റ് താഴേക്ക് ചാടിയത്. പിന്നാലെ, ജയ്‌സാൽമീറിൽ ഹോസ്റ്റൽ സമുച്ചയത്തിന് സമീപം തകർന്നുവീണു. ജെറ്റ് കത്തിനശിച്ചു. സംഭവത്തിൽ ഇന്ത്യൻ വ്യോമസേന കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. പൈലറ്റ് രക്ഷപ്പെടുന്ന വീഡിയോ പ്രചരിച്ചു.

ബ്രിട്ടീഷ് നിർമ്മിത മാർട്ടിൻ ബേക്കർ, സീറോ സീറോ എജക്ഷൻ സീറ്റുകളാണ് പൈലറ്റുമാരുടെ സുരക്ഷക്ക് തേജസ് ഉപയോഗിക്കുന്നത്. പാരച്യൂട്ടുകൾ വിന്യസിക്കുന്നതിന് പൈലറ്റുമാരെ സീറോ പൊസിഷനിൽ നിന്ന് ഗണ്യമായ ഉയരത്തിലേക്ക് ഇജക്റ്റ് ചെയ്യുന്ന തരത്തിലാണ് സീറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. താഴ്ന്ന ഉയരത്തിലോ കുറഞ്ഞ വേഗതയിലോ ഉള്ളപ്പോഴും ടേക്ക്ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്തും പൈലറ്റുമാരെ രക്ഷപ്പെടാൻ സഹായിക്കുന്നതിനാണ് സീറോ സീറോ ശേഷി വികസിപ്പിച്ചെടുത്തത്. അപകടമുണ്ടാകുമെന്ന് ഉറപ്പായാൽ പൈലറ്റുമാർ എജക്ഷൻ സീറ്റ് വലിക്കുകയും അതിനടിയിലുള്ള സംവിധാനം വായുവിലേക്ക് എറിയുകയും ചെയ്യുന്നു. സീറ്റിനടിയിലെ സംവിധാനം പൈലറ്റിനെ സുരക്ഷിതമാക്കുന്നതോടൊപ്പം പാരച്യൂട്ടുകൾ വിന്യസിക്കുകയും ചെയ്യുന്നു.

എജക്ഷൻ സമയത്ത്, പൈലറ്റുമാർക്ക് ഉയർന്ന ​ഗുരുത്വാകർഷണം അനുഭവപ്പെടും. ഭൂമിയിൽ അനുഭവപ്പെടുന്നതിനേക്കാൾ 20 മടങ്ങ് വരെയാണ് അനുഭവപ്പെടുക. അതുകൊണ്ടുതന്നെ അപകട സാധ്യതയും കൂടുതലാണ്.

Previous Post Next Post