ബിജെപി വിട്ട് കോണ്‍ഗ്രസിലേക്കില്ല; പാര്‍ട്ടിയിലെ കുടുംബാധിപത്യത്തിനെതിരെ പോരാട്ടം തുടരുമെന്ന് സദാനന്ദ ഗൗഡ


ബംഗലൂരു: ബിജെപി വിടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ബിജെപിയില്‍ ഉറച്ച് മുന്നോട്ടു പോകും. കോണ്‍ഗ്രസില്‍ ചേരില്ലെന്നും ഗൗഡ വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന്, കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു സദാനന്ദ ഗൗഡ.

മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പക്കെതിരെ സദാനന്ദ ഗൗഡ വാര്‍ത്താ സമ്മേളനത്തില്‍ ഒളിയമ്പെയ്തു. പാര്‍ട്ടിയില്‍ കുടുംബാധിപത്യത്തിനെതിരെ പോരാട്ടം നടത്തുമെന്ന് ഗൗഡ പറഞ്ഞു. കുടുംബാധിപത്യത്തിനെതിരെ നരേന്ദ്രമോദി എന്നും ഉറച്ച നിലപാടെടുത്തിരുന്നു. ആ നിലപാട് പിന്തുടര്‍ന്ന് പാര്‍ട്ടിയില്‍ ഒറ്റയാള്‍ പോരാട്ടം തുടരുമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി.

കോണ്‍ഗ്രസ് തന്നെ ബന്ധപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ ചേരണമെന്ന് ആവശ്യപ്പെട്ടു. താന്‍ ആവശ്യപ്പെടുന്ന ഏതു സീറ്റും നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കി. എന്നാല്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം താന്‍ നിരസിക്കുകയാണ് ചെയ്തത്. പാര്‍ട്ടിയെ ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ മാറ്റിനിര്‍ത്തുന്നത് ശരിയല്ല. ഏകാധിപത്യ പ്രവണതകള്‍ നല്ല ജനാധിപത്യത്തില്‍ ഭൂഷണമല്ലെന്നും സദാനന്ദ ഗൗഡ പറഞ്ഞു.
Previous Post Next Post