പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു




കോഴിക്കോട്:
 മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ജീവനക്കാരനായ ഗഫൂർ എന്നിവരാണ് മരിച്ചത്. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്. കപ്പലിടിച്ചതിനെ തുടർന്ന് ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴുകയായിരുന്നു.

ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്‌ലാഹി' എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറുപേരിൽ നാലുപേരെ കപ്പലുകാർ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതാവുകയായിരുന്നു. 

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കവരത്തിയിൽ നിന്ന് ബേപ്പൂരിലേക്ക് ചരക്കുമായി പോയ കപ്പലിടിച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Previous Post Next Post