ഇരുചക്ര വാഹനയാത്രക്കാരുമായി മത്സരിക്കണ്ട : കെഎസ്ആർടിസി ഡ്രൈവർമാരോട് ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർമാർക്ക് വീണ്ടും നിർദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. കെഎസ്ആർടിസിയുടെ സോഷ്യൽ മീഡിയ പേജിലൂടെ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ടെന്ന പേരിലിറക്കിയ വീഡിയോയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറയുന്നത്.

സ്വകാര്യ ബസുകളുമായി മത്സരയോട്ടം വേണ്ടെന്നും അമിത വേഗം വേണ്ടെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.

ഇരുചക്രവാഹനയാത്രക്കാരുമായി മത്സരിക്കണ്ട. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിക്കരുത്. അമിതവേഗവും വേണ്ട. സമയക്രമം പാലിക്കാൻ ശ്രദ്ധിക്കണമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.

എതിരെ വരുന്ന ബസുമായി സമാന്തരമായി നിർത്തരുത്. കൈകാണിച്ചാൽ ബസ് നിർത്തണമെന്നും ഡീസൽ ലാഭിക്കുന്ന തരത്തിൽ ബസ് ഓടിക്കണമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. നമ്മുടെ റോഡിൻറെ പരിമിതികൾ പരിഗണിച്ചും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സ്കൂട്ടർ യാത്രക്കാരെ പരിഗണിച്ചുമായിരിക്കണം റോഡിലൂടെ ബസ് ഓടിക്കേണ്ടതെന്നും കെബി ഗണേഷ് കുമാർ വീഡിയോയിൽ പറയുന്നുണ്ട്.

ബ്രീത്ത് അനലൈസർ പരിശോധന തുടങ്ങിയതോടെ കെഎസ്ആർടിസിയിലെ അപകടങ്ങൾ കുറഞ്ഞു. അപകട നിരക്കും മരണ നിരക്കും കുറയ്ക്കാനായി. റോഡിൻറെ ഇടത് വശത്ത് തന്നെ ബസ് നിർത്തണമെന്നും അദ്ദേഹം പറയുന്നു.
Previous Post Next Post