ഉരുള്‍പൊട്ടല്‍: കേന്ദ്രസംഘം ഇന്ന് വയനാട്ടിലെത്തും; തിരച്ചില്‍ ഇന്നും തുടരും




കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച കേന്ദ്രസംഘം ഇന്ന് ജില്ലയിലെത്തും. കേന്ദ്ര ദുരന്ത നിവാരണ സേനയിലെ പ്രത്യേക സംഘമാകും ഉരുള്‍പൊട്ടല്‍ ബാധിത മേഖലയിലെത്തി പഠനം നടത്തുക. ഉരുള്‍പൊട്ടല്‍ കനത്ത നാശം വിതച്ച മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.

അതിനിടെ ദുരന്താനന്തര ആവശ്യങ്ങള്‍ കണക്കാക്കുന്നതിനായി വിദഗ്ധ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. നാശഷ്ടങ്ങള്‍ ഉണ്ടായ മേഖലകളിലെ സാമ്പത്തിക ചെലവുകള്‍ കണക്കാക്കുക, പുനര്‍നിര്‍മ്മാണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് വിദഗ്ധ സമിതി രൂപീകരിച്ചിട്ടുള്ളത്.

ദുരന്തമേഖലയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആറ് അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗവും ചേരുന്നുണ്ട്. രാവിലെ 10 ന് കലക്ടറേറ്റിലാണ് യോഗം ചേരുന്നത്.
Previous Post Next Post