സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു പോകാന്‍ കാറിന്റെ താക്കോല്‍ നല്‍കാത്തതിനെ തുടര്‍ന്ന് പിതാവിന്റെ കാര്‍ മകന്‍ കത്തിച്ചു. ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം. സംഭവത്തെതുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയും ഇരുപത്തൊന്നുകാരനായ മകനെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമല്‍ ഡാനിഷ് മിന്‍ഹാജിനെയാണ് അറസ്റ്റ് ചെയ്തത്.
സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു പോകാന്‍ ഡാനിഷ് ഇന്നലെയാണ് പിതാവിനോട് കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിതാവ് താക്കോല്‍ കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതില്‍ ഉണ്ടായ ദേഷ്യമാണ് കാര്‍ കത്തിക്കാന്‍ ഇടയാക്കിയത്. വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് ഡാനിഷ് കത്തിച്ചത്. കാറിന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു യുവാവ്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. വീടിന്റെ ജനലുകളിലേക്കും തീ ആളിപ്പടര്‍ന്നു. എല്ലാവരും വീട്ടിലുള്ള സമയത്തായിരുന്നു സംഭവം നടന്നത്. വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്. സംഭവത്തില്‍ പിതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവാവിന്റെ മാനസിക നില അടക്കം പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.