മൊബൈല്‍ ഫോണ്‍ തലച്ചോറില്‍ കാന്‍സറുണ്ടാക്കുമോ?..പഠനങ്ങൾ പറയുന്നത് ഇങ്ങനെ…


മൊബൈലില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ചിന്തിക്കാനേ പറ്റാത്ത അവസ്ഥയിലാണ് ഓരോരുത്തരും.മൊബൈല്‍ ഉപയോഗം പ്രചാരം നേടിയിട്ട് വളരെ വര്‍ഷങ്ങളായി എങ്കിലും ഇതുവരെ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് അവയുടെ വയര്‍ലെസ് സാങ്കേതികവിദ്യയില്‍നിന്നുമുള്ള ഇലക്ട്രോമാഗ്നിറ്റിക് റേഡിയേഷന്‍ കാന്‍സറുണ്ടാക്കുമോ എന്നത്. എന്നാല്‍, ഈ സംശയത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് പുതിയ പഠനം. വയര്‍ലെസ് സാങ്കേതികവിദ്യകള്‍ പുറത്തുവിടുന്ന റേഡിയോ തരംഗങ്ങള്‍ വളരെ ശക്തി കുറഞ്ഞതാണ്. കോശങ്ങളുടെ ഡിഎന്‍എയില്‍ തകരാറുണ്ടാക്കാനുള്ള ഊര്‍ജം ഇവയ്ക്കില്ലെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.

ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) നിയോഗിച്ച സംഘമാണ് ഈ പഠനം നടത്തിയത്. പത്ത് വര്‍ഷത്തിലധികം കാലം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ പരമാവധി കോളുകള്‍ നടത്തുകയോ ചെയ്തവരില്‍പോലും അപകടസാധ്യത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ന്യൂസീലാന്‍ഡിലെ ഓക്ക്‌ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ മാര്‍ക്ക് എല്‍വുഡ് പറഞ്ഞു.‘മൊബൈല്‍ ഫോണ്‍ ഉപയോഗവും മസ്തിഷ്‌ക കാന്‍സറും തലയിലും കഴുത്തിലുമായി കാണപ്പെടുന്ന കാന്‍സറുകളും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗം കുതിച്ചുയരുന്നുണ്ടെങ്കിലും ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നവരുടെ എണ്ണം സ്ഥിരമായ നിരക്കില്‍ തന്നെ തുടരുകയാണ്,’’ പഠനത്തില്‍ പങ്കെടുത്ത ഗവേഷകൻ പറഞ്ഞു.ഇതുവരെയുള്ള പഠനങ്ങളിലൊന്നും മൊബൈല്‍ ഫോണ്‍ ഉപയോഗവും കാന്‍സറും തമ്മില്‍ ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. അതിനാല്‍ വയര്‍ലെസ് സാങ്കേതികവിദ്യകള്‍ കാന്‍സറിന് കാരണമാകില്ലെന്ന് ‘‘ആത്മവിശ്വാസത്തോടെ’’ പറയാന്‍ കഴിയുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
Previous Post Next Post