ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗങ്ങൾ കാണാതായ സുഭദ്രയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. സുഭദ്രയുടെ മക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മക്കളായ രാധാകൃഷ്ണനും രഞ്ജിത്തുമാണ് കൊച്ചിയിൽ നിന്ന് ആലപ്പുഴയിലെത്തിയത്. തുടർന്ന് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സുഭദ്രയുടെ കാലിലെ ബാന്റേഡ് ഉൾപ്പടെയാണ് ഇവർ തിരിച്ചറിഞ്ഞത്. മുട്ടുവേദനയ്ക്ക് സുഭദ്ര ബാൻ്റേഡ് ഉപയോഗിച്ചിരുന്നു.
അതേസമയം, ഈ വീട്ടിൽ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശർമ്മിളയും മാത്യൂസും ഒളിവിലാണ്. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്. കലവൂരിലെ വീട്ടിൽ കസ്റ്റഡിയിലുള്ളയാൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. അതിനിടെ, ആലപ്പുഴയിൽ വിറ്റത് 27000 രൂപയുടെ സ്വർണമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.