കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ഒളിവില്ലെന്ന് സൂചന. വീട്ടില്‍നിന്ന് മാറിയെന്നാണ് വിവരം. ദിവ്യയെ ചോദ്യം ചെയ്യാനുള്ള പൊലീസ് തീരുമാനത്തിന് പിന്നാലെയാണ് നീക്കം. ഇന്നലെവരെ ഇരിണാവിലെ വീട്ടില്‍ ദിവ്യയുണ്ടായിരുന്നു.
ദിവ്യയെ ചോദ്യം ചെയ്യാന്‍ വീട്ടിലും ബന്ധുവീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം പുറത്തിറങ്ങാതിരുന്ന ദിവ്യ ഒളിച്ചെത്തിയാണ് ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമെത്തി സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനിരികില്‍ കാത്തിരുന്നാണ് ദിവ്യ രാജിക്കത്ത് കൈമാറിയത്.
നവീന്റെ മരണത്തിന് ശേഷം രാജിക്കത്തിലൂടെ മാത്രമാണ് പി പി ദിവ്യ പൊതു സമൂഹത്തോട് പ്രതികരിച്ചത്. എന്നാല്‍ എ പി ജെ അബ്ദുല്‍ കലാമിന്റെ വാചകങ്ങള്‍ ദിവ്യ വാട്‌സ്ആപ്പില്‍ ഡിപിയായും സ്റ്റാറ്റസായും പങ്കുവെച്ചിരുന്നു. ‘ഒരായിരം തവണ വിളിച്ചുപറഞ്ഞാലും നമ്മളെ കുറിച്ച് നമ്മള്‍ പറയുന്ന സത്യത്തേക്കാള്‍ ഈ ലോകം വിശ്വസിക്കുന്നത് മറ്റുള്ളവര്‍ പതുക്കെ പറയുന്ന കള്ളങ്ങളായിരിക്കാം’, എന്നായിരുന്നു സന്ദേശം.