ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടതായും 13 ഓളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. എന്നാൽ ഇതു സംബന്ധിച്ച് ഔദ‍്യോഗിക കണക്കുകൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 2019ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിനു ശേഷം രാജ‍്യത്ത് നടക്കുന്ന വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്.
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെയായിരുന്നു ആക്രമണമുണ്ടായത്. വിനോദ സഞ്ചാരികൾക്കു നേരെ തോക്കുമായെത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണെന്ന് ചോദിച്ച ശേഷം വെടിയുതിർക്കുകയായിരുന്നു. അതേസമയം പട്ടാള വേഷത്തിലാണ് ഭീകരർ എത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.