വിഴിഞ്ഞം തുറമുഖം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിക്കും




തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് ദിനമായ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിക്കും. രാവിലെ 10 മണിയോടെ പ്രധാനമന്ത്രി തുറമുഖത്ത് സന്ദര്‍ശനം നടത്തും. അതിനു ശേഷം 11 മണിയോടെയാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുകയെന്ന് മന്ത്രി വി.എൻ. വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.

തുറമുഖം കമ്മിഷനിങ് ചടങ്ങ് സര്‍ക്കാരിന്‍റെ നാലാം വാര്‍ഷിക ആഘോഷം തന്നെയാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കി പിപിപി മോഡലില്‍ നടത്തുന്ന പദ്ധതിയാണ്. അത് വാര്‍ഷികസമയത്ത് ഉദ്ഘാടനം ചെയ്യുമ്പോള്‍ വാര്‍ഷികാഘോഷമാണെന്നു പറയുന്നതില്‍ എന്താണു കുഴപ്പമെന്നും മന്ത്രി ചോദിച്ചു.

പതിനായിരം പേർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന തുറമുഖമന്ത്രി, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, സജി ചെറിയാന്‍ തുടങ്ങിയവർ പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ് എന്നിവർക്കു ക്ഷണമുണ്ടെങ്കിലും കോൺഗ്രസ് പ്രതിനിധികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് സൂചന. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, മേയര്‍ ആര്യ രാജേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍, കരണ്‍ അദാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
أحدث أقدم