1700 ലധികം വാക്കുകള്‍ പറഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരു പക്ഷി


 

പലപ്പോഴും തങ്ങളുടെ ബുദ്ധിശക്തികൊണ്ടും പല തരത്തിലുളള കഴിവുകള്‍ കൊണ്ടും പക്ഷിമൃഗാദികളില്‍ ചില ജീവിവര്‍ഗ്ഗങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലൊരു മിടുക്കനായിരുന്നു കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു നീല നിറത്തിലുളള തത്ത. തന്റെ സംസാരിക്കാനുള്ള കഴിവുകൊണ്ടാണ് അത് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. പാട്ടുകള്‍ പാടാനും തന്റെ ഉടമയുടെ ശബ്ദം കൃത്യമായി അനുകരിക്കുവാനും അതിന് കഴിഞ്ഞിട്ടുണ്ട്. ഈ പക്ഷിക്കുഞ്ഞന് വെറുതേ വാക്കുകള്‍ പറയാന്‍ മാത്രമല്ല വിവിധ സന്ദര്‍ഭങ്ങളില്‍ അര്‍ഥവത്തായി സംസാരിക്കാനും കഴിഞ്ഞിരുന്നു. പക്കിന്റെ ഏറ്റവും പ്രിയപ്പെട്ട വാക്കുകള്‍ ‘ Give me a Kiss, Whats Happening ഇവയൊക്കെയായിരുന്നു. 

1728 വാക്കുകള്‍ അറിയാം എന്നുള്ള ഈ പക്ഷിയുടെ അവിശ്വസനീയമായ കഴിവാണ് 1995 ലെ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ അതിന് ഇടം നേടിക്കൊടുത്തത്. ആറ് മാസത്തോളം പക്ഷി വിദഗ്ധരും രണ്ട് മൃഗഡോക്ടര്‍മാരും ഉള്‍പ്പടെയുള്ള 21 പേരുടെ സംഘം വിവിധ സെഷനുകളില്‍ പക്ഷി പറഞ്ഞ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും രേഖപ്പെടുത്തുകയും റെക്കോഡ് ചെയ്യുകയുമായിരുന്നു. മറ്റ് പക്ഷികളില്‍ നിന്ന് വ്യത്യസ്തമായി പക്കിന് യഥാര്‍ഥ ശൈലികളും വാക്യങ്ങളും രൂപപ്പെടുത്താനുളള കഴിവും ഉണ്ടായിരുന്നു. 

 1993 ല്‍ ഒരു ക്രിസ്മസ് രാവില്‍ കോഫി ടേബിളില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ‘ ഇത് ക്രിസ്മസ് ആണെന്നും എല്ലാവരേയും ഞാന്‍ സ്‌നേഹിക്കുന്നു’ എന്നൊക്കെ പറഞ്ഞ സംഭവം പക്കിന്റെ ഉടമസ്ഥനായ കാമില്‍ ജോര്‍ദ്ദാന്‍ ഓര്‍മിച്ചു. ശരിയായ സന്ദര്‍ഭത്തില്‍ ഭാഷ പ്രയോഗിക്കാനുള്ള കഴിവ് ഈ ഉദ്ദാഹരണം കാണിക്കുന്നു. എന്നാല്‍ ദുംഖകരമെന്ന് പറയട്ടെ ഈ നീല പക്ഷിയുടെ ജീവിതം വളരെ ഹ്രസ്വമായിരുന്നു. അഞ്ചാം വയസില്‍ ഗൊണാഡല്‍ ട്യൂമര്‍ ബാധിച്ചാണ് ഇത് മരിക്കുന്നത്.

 
أحدث أقدم