ഇൻഡ്യയിൽ അവസാന മോക്ഡ്രിൽ നടന്നത് 1971ൽ, പിന്നാലെ യുദ്ധം; വൈദ്യുതി തടസപ്പെട്ടേക്കാം, എന്താണ് മോക് ഡ്രില്ലുകൾ..മോക് ഡ്രില്ലിനെക്കുറിച്ച് അറിയേണ്ടതെല്ലാം വിശദമായി അറിയാം



കോട്ടയം :ഇന്ന് (  മേയ് 7 ) ബുധനാഴ്‌ച രാജ്യത്തുടനീളം മോക് ഡ്രില്ലുകൾ നടത്താനാണ് തീരുമാനം. 1971ലാണ് രാജ്യത്ത് അവസാനമായി മോക് ഡ്രിൽ സംഘടിപ്പിച്ചത്. ആ വർഷം തന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടാകുകയും ചെയ്‌തു.
ഇന്ത്യയിലെ 244 സിവിൽ ഡിഫൻസ് ജില്ലകളെയാണ് മോക്ഡ്രില്ലിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സിവിൽ ഡിഫൻസ് ജില്ലകളുടെ തിരഞ്ഞെടുപ്പിന് ചില മാനദണ്ഡങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്
 പാക്കിസ്ഥാനുമായി രാജ്യാന്തര അതിർത്തി പങ്കിടുന്ന ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ജില്ലകൾ ഇതുപ്രകാരം ഈ ലിസ്റ്റിൽ ഉൾപ്പെടും. പ്രതിരോധ സ്ഥാപനങ്ങൾ, പവർ ഗ്രിഡുകൾ, റിഫൈനറികൾ, തുറമുഖങ്ങൾ, ആശയവിനിമയ ശൃംഖലകൾ എന്നിവ സ്‌ഥിതി ചെയ്യുന്ന പ്രദേശങ്ങളും നാളെ നടക്കുന്ന. മോക് ഡ്രില്ലിൻ്റെ  ഭാഗമാകും. 

എന്താണ് മോക് ഡ്രിൽ❓

സംസ്ഥാനങ്ങളിലെ സിവിൽ ഡിഫൻസ് സംവിധാനങ്ങൾ വിലയിരുത്താനും പോരായ്‌മകൾ ഉണ്ടെങ്കിൽ അവയുടെ ശേഷി വർധിപ്പിക്കുന്നതിനുമായാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. സിവിൽ ഡിഫൻസ് സംവിധാനങ്ങളായ പൊലീസ് സേനാംഗങ്ങൾ, പാരാമിലിട്ടറി അംഗങ്ങൾ, അഗ്നിരക്ഷാ സേനാംഗങ്ങൾ, ഹോം ഗാർഡുകൾ, എൻസിസി കേഡറ്റുകൾ, എൻഎസ്എസ് വോളന്റിയർമാർ, ആംബുലൻസ്, ആശുപത്രികൾ, വിദ്യാർഥികൾ എന്നിവർ മോക് ഡ്രില്ലിന്റെ ഭാഗമാകും.

മോക് ഡ്രിൽ നടത്തുന്നത് എവിടെ❓

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 244 ജില്ലകളിലാണ് മോക് ഡ്രില്ലുകൾ നടത്തുക. റിപ്പോർട്ടുകൾ പ്രകാരം സിവിൽ പ്രതിരോധ നടപടികൾ നടപ്പിലാക്കേണ്ട രാജ്യത്തുടനീളമുള്ള 295 പട്ടണങ്ങളെയും ജില്ലകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 100 ഇടങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ട മേഖലകളാണ്. വ്യോമാക്രമണം സംഭവിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയെന്നും മുന്നറിയിപ്പ് സംവിധാനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുക എന്നതും മോക് ഡ്രില്ലിന്റെ ഭാഗമാണ്.

എയർ റെയ്ഡ് വാണിങ്❓

ശത്രുരാജ്യം വ്യോമാക്രമണം നടത്താൻ ശ്രമിച്ചാൽ ആദ്യം വിവരം ലഭിക്കുക വ്യോമസേനയ്ക്കായിരിക്കും. വ്യോമസേനയാണ് വിവിധയിടങ്ങളിലെ കൺട്രോൾ റൂമുകളിലേക്കു സന്ദേശം നൽകുക. ഇതിനായി ഇന്ത്യൻ വ്യോമസേനയുമായുള്ള ഹോട്ട്ലൈൻ ബന്ധം, റേഡിയോ ആശയവിനിമയ ബന്ധം തുടങ്ങിയവയും മോക് ഡ്രിൽ സമയത്ത് പരിശോധിക്കും. യുദ്ധമുണ്ടായാൽ വ്യോമാക്രമണത്തിനു ജനങ്ങളെ ജാഗരൂകരാക്കാൻ എയർ റെയ്‌ഡ് വാണിങ് സംവിധാനം നടപ്പാക്കും. മോക് ഡ്രില്ലിന്റെ ഭാഗമായി നാളെ 4 മണിക്കായിരിക്കും എയർ റെയ്‌ഡ് വാണിങ് വരുക.
ആദ്യം വിവിധ കേന്ദ്രങ്ങളിൽ സൈറൻ മുഴക്കും. ഇതുവഴി സിവിൽ ഡിഫൻസ് സംവിധാനം സജീവമാക്കാനാണ് മോക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്. ആശയവിനിമയം നടത്താൻ ഹാം റേഡിയോയുടെയും മാധ്യമങ്ങളുടെയും സഹായം തേടും. തുടർന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥ‌ലങ്ങളിലേക്കു മാറ്റുകയും മുന്നറിയിപ്പു നൽകുകയും ചെയ്യും. കേരളത്തിൽ ഏറെ നാളുകൾക്കുള്ളിൽ ആദ്യമായാണ് സിവിൽ ഡിഫൻസ് മോക്സിൽ നടത്തുന്നത്. സിവിൽ ഡിഫൻസിന്റെ കൺട്രോളിങ് ഓഫിസർ ജില്ലാ കലക്ടർമാരും നോഡൽ ഓഫിസർ ജില്ലാ ഫയർ ഓഫിസറുമാണ്.
📌ആദ്യം സുരക്ഷിതരാകുക

ജില്ലാ കലക്ടർമാരും ജില്ലാ ഫയർ ഓഫിസർമാരുമാണ് മോക് ഡ്രില്ലിനു നേതൃത്വം നൽകുന്നത്. കൺട്രോൾ റൂമുകളുടെയും ഷാഡോ റൂമുകളുടെയും പ്രവർത്തനം പരിശോധിക്കൽ, ശത്രുവിന്റെ ആക്രമണമുണ്ടായാൽ സംരക്ഷണമൊരുക്കുന്നതിനുള്ള രീതികളെ കുറിച്ച് വിദ്യാർഥികൾ ഉൾപ്പെടെ സാധാരണക്കാർക്കു പരിശീലനം നൽകൽ, തുടങ്ങിയവയും മോക്ഡില്ലിന്റെ ഭാഗമായി നടത്തും. നടപടികളുടെ ഭാഗമായി സിവിൽ ഡിഫൻസ് സംവിധാനമായ അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങളും ഈ ഘട്ടത്തിൽ പരിശോധിക്കപ്പെടും.
പൗരൻമാരെ ഒഴിപ്പിക്കേണ്ടി വന്നാൽ അതിൻ്റെ തയാറെടുപ്പും മോക്ഡിൽ സമയത്ത് വിലയിരുത്തപ്പെടും. ഓഫിസുകളിലാഭനിൽക്കുന്നതെങ്കിൽ മുകൾ നിലയിൽ നിൽക്കാതെ താഴത്തെ നിലയിലേക്കോ പാർക്കിങ്ങിലേക്കോ മാറണം. വലിയ കെട്ടിടങ്ങളുടെ മുകളിൽ ഒന്നും നിൽക്കാതെ ബെയ്സ്മെന്റ് പാർക്കിങ് ഉൾപ്പെടെയുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്കാണു മാറേണ്ടത്. 

🛰️വൈദ്യുതി വിച്ഛേദിക്കപ്പെടാം മൊബൈൽ സിഗ്നലുകളും

മോക്ഡ്രില്ലിന്റെ ഭാഗമായി യുദ്ധസമയത്ത് പൗരൻമാർ നേരിടേണ്ടി വന്നേക്കാവുന്ന സാഹചര്യങ്ങളും യഥാർഥത്തിൽ സംഭവിച്ചേക്കാം. ഇതിൽ പ്രധാനമാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കുക എന്നത്. കുറച്ച് നേരത്തേക്കെങ്കിലും വൈദ്യുതി ബന്ധത്തിൽ തകരാർ സംഭവിച്ചേക്കാം. ഫോൺ സിഗ്നലുകൾക്കും ഈ ഘട്ടത്തിൽ തകരാർ സംഭവിച്ചേക്കാം.

⚠️കമ്മ്യൂണിറ്റി തല ഇടപെടലുകൾ

1. റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തിൽ) മോക്ക് ഡ്രിൽ വാർഡന്മാരെ നിയോഗിക്കുക.
2. എല്ലാ പ്രദേശവാസികൾക്കും സിവിൽ ഡിഫൻസ് ബ്ലാക്ക്ഔട്ട് നിർദ്ദേശങ്ങൾ എത്തിക്കുക.
3. ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗൺസ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുക.
4. വാർഡുതല ഡ്രില്ലുകൾ സംഘടിപ്പിക്കുക.
5. സ്കൂളുകളിലും, ബേസ്മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക.
6. കമ്മ്യൂണിറ്റി വോളന്റിയർമാർ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രിൽ വാർഡന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക. കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.

⚠️ഗാർഹികതല ഇടപെടലുകൾ

1. മോക്ക് ഡ്രിൽ സമയത്ത് എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തിൽ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തിൽ വീടുകളിൽ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളിൽ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.
2. ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
3. ബാറ്ററി/ സോളാർ ടോർച്ചുകൾ, ഗ്ലോ സ്റ്റിക്കുകൾ, റേഡിയോ എന്നിവ കരുതുക.
4. 2025 മെയ് ഏഴ്, വൈകിട്ട് നാലുമണിക്ക് സൈറൺ മുഴങ്ങുമ്പോൾ എല്ലായിടങ്ങളിലെയും (വീടുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകൾ ഓഫ് ചെയ്യേണ്ടതാണ്.
5. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക. ഇതിൽ മരുന്നുകൾ, ടോർച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉൾപ്പെടുത്തുക.
6. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്ത് അവിടേക്കു മാറുക.
7. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങൾ ഒരുമിച്ച് ''ഫാമിലി ഡ്രിൽ'' നടത്തുക.
8. സൈറൻ സിഗ്നലുകൾ മനസ്സിലാക്കുക. ദീർഘമായ സൈറൺ മുന്നറിയിപ്പും, ചെറിയ സൈറൺ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.
9. പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറേണ്ടതാണ്.
10. ഔദ്യോഗിക വിവരങ്ങൾ മനസ്സിലാക്കുന്നതിനായി റേഡിയോ/ ടി.വി ഉപയോഗിക്കുക.
11. തീപിടുത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/ വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുക.
12. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.
أحدث أقدم